മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത സിനിമാ സൗഹൃദമാണ് മോഹന്‍ലാലിന്‍റെയും ശ്രീനിവാസന്‍റെയും. ശ്രീനിവാസന്‍ അസുഖബാധിതനായപ്പോള്‍  ആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അത്രയേറെ വ്യക്തിബന്ധവും സൗഹൃദവും ഇരുവരും തമ്മിലുണ്ടായിരുന്നു. നേരത്തെ ശ്രീനിവാസന്‍ രോഗബാധിതനായ നാളുകളില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'ശ്രീനിക്ക് അസുഖം എന്ന് താന്‍ പറയില്ല. ശരീരത്തിന്‍റെ ഒരു  പ്രത്യേക അവസ്ഥയിലേക്ക് കടന്ന് പോകുമ്പോള്‍ സങ്കടം വരുമെന്നും ആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയില്ലെന്നു'മായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഈശ്വരനോട് പ്രാര്‍ഥിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അന്ന് പറഞ്ഞ താരം, അമ്മ–മഴവില്‍ ഷോയില്‍ ശ്രീനിവാസന്‍ എത്തിയപ്പോള്‍ കവളില്‍ സ്നേഹചുംബനം നല്‍കിയാണ് ചേര്‍ത്തുനിര്‍ത്തിയത്. വിറയാര്‍ന്ന കൈകളില്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞതും മലയാളികള്‍ കണ്ടു.

MOHANLAL SREENIVASAN AYAL KATHAYEZHUTHUKAYANU

മറ്റൊരിക്കല്‍ ഒരഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. അതൊരിക്കലും അച്ഛന്‍ പറയാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മകന്‍ ധ്യാന്‍ പിന്നീട് അഭിമുഖത്തില്‍ പറഞ്ഞു. ഹൃദയപൂര്‍വത്തിന്‍റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. ' ഞാന്‍ പറഞ്ഞതില്‍ ലാലിന് വിഷമം ഉണ്ടോ, എന്നോട് ക്ഷമിക്കണമെന്ന' പറച്ചിലിന് ' ശ്രീനീ.. അതൊക്കെ വിടടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

1977ൽ പി എ ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദന്റെയും കെ ജി ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.‘ പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. 

നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ.സത്യൻ അന്തിക്കാട് , പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം.