Image: Facebook,Mohanlal
സംവിധായകന്‍ പ്രിയദര്‍ശന് പിറന്നാളാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. അതിമനോഹരമായൊരു ചിത്രം കൂടി പങ്കുവച്ചാണ് ലാലേട്ടന്‍ സോഷ്യല്‍മീഡിയയിലൂടെ പിറന്നാളാശംസ പങ്കുവച്ചത്. മലയാളികളുടെ പ്രിയസംവിധായകന്റെ 68ാം ജന്‍മദിനമാണിന്ന്.
ലാല്‍ പങ്കുവച്ച ചിത്രത്തില്‍ ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പ്രിയന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണ്‍ ശരിയാക്കിക്കൊടുക്കുന്ന മോഹന്‍ലാലിനേയാണ് ചിത്രത്തില്‍ കാണാനാവുക. 1980കളില്‍ സിനിമയിലൂടെ തുടങ്ങിയ ബന്ധം പിന്നെ മുറിച്ചുമാറ്റാനാകാത്ത സൗഹൃദത്തിലെത്തുകയായിരുന്നു. പ്രിയദര്‍ശന്‍റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയില്‍ ലാല്‍ പ്രധാന കഥാപാത്രമായെത്തി.
പിന്നീടിങ്ങോട്ട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ ഈ സൗഹൃദത്തില്‍ പുറത്തിറങ്ങി. പ്രിയന്‍–ലാല്‍ ജോഡി മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ട് കൂടിയാണ് . ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് മോഹന്‍ലാല്‍.
കഴിഞ്ഞ ദിവസമാണ് വര്‍ഷങ്ങള്‍ക്കു ശേഷം താടിയെടുത്ത പുത്തന്‍ലുക്ക് മോഹന്‍ലാല്‍പുറത്തുവിട്ടത്. തുടരും എന്ന ചിത്രത്തിനു ശേഷം ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ലാലേട്ടന്‍ എത്തുന്നത്.