Image; Manorama
അമ്മയുടെ വേര്‍പിരിയല്‍ തന്നെ ജീവിതത്തില്‍ ഏറ്റവും ഉലച്ച സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിലാണ് പിണറായി തന്‍റെ ജീവിതവും രാഷ്ട്രീയവും തുറന്നു പറഞ്ഞത്. ആ വേര്‍പാടുണ്ടാക്കിയ ശൂന്യതതയ്ക്ക് പകരംവയ്ക്കാന്‍ ഇന്നും ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ആ വാക്കുകള്‍.
അമ്മയുടെ വിയോഗദിവസത്തെക്കുറിച്ച് പിണറായിയുടെ വാക്കുകള്‍– ‘അന്ന് ഞാന്‍ തിരുവനന്തപുരത്താണ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പറായിട്ട് ഫുള്‍ടൈം നില്‍ക്കുന്ന സമയം. അങ്ങനെയൊരു ദിവസം കമല വിളിച്ചപ്പോള്‍ സംസാരത്തിലൊരു ചെറിയ വ്യത്യാസം പോലെ തോന്നി. അമ്മയുടെ ആരോഗ്യസ്ഥിതി പറയുകയായിരുന്നു. നല്ല അവശതയുണ്ടായിരുന്നു ആ സമയം.
മറ്റൊന്നും പറഞ്ഞില്ല. പക്ഷേ എനിക്ക് തോന്നി എന്തോ പ്രശ്നമുണ്ടെന്ന്. ആ കാലത്ത് ചടയന്‍ ഗോവിന്ദനാണ് സെക്രട്ടറി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഞാനൊന്ന് പോയിട്ടു വരാമെന്ന് പറഞ്ഞു. ‘വൈകുന്നേരം വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ അമ്മയെ അവിടെ കിടത്തിയിട്ടുണ്ട്. അമ്മ എഴുന്നേറ്റ് എന്‍റെ ദേഹത്ത് ചാരിയിരുന്നു. ലേശം വെള്ളം കൊടുത്തു. ആ വെള്ളം കുടിച്ചു. അവിടെ കഴിഞ്ഞു.
അമ്മ ഏതുനിമിഷവും മരണപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. ആ സമയത്ത് ഞാനും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഞാന്‍ പുറത്തിറങ്ങി ആരോടെങ്കിലും ഇത് പറയണമല്ലോ, പുറത്തിറങ്ങിയപ്പോള്‍ നാണുവെന്ന നാട്ടുകാരനെ കണ്ടു, പക്ഷേ ഒരക്ഷരം പറയാന്‍ പറ്റുന്നില്ല, വരുന്നില്ല...അപ്പോള്‍ മനസിലായി ആ ബന്ധത്തിന്‍റെ തീവ്രത– പിണറായി പറയുന്നു. ജീവിതത്തില്‍ വല്ലാതെ വേദനിപ്പിച്ച സംഭവങ്ങൾ നിരവധിയുണ്ടെങ്കിലും ഒപ്പമുള്ളവര്‍ വിട്ടുപിരിയുന്നത് വല്ലാത്തൊരു നോവാണെന്നും പിണറായി പറയുന്നു.
അമ്മയുടെ വിയോഗത്തിനു ശേഷം കോടിയേരിയുടെ വിയോഗമാണ് തന്നെ വല്ലാതെ വേദനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു. കോടിയേരിയുടെ വിയോഗശേഷമുള്ള അനുശോചന യോഗത്തിൽ സംസാരിക്കാൻ പോലും തനിക്ക് പറ്റിയില്ല, ആ സംസാരം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെന്നും പിണറായി പറയുന്നു.