iffk

TOPICS COVERED

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സുവർണ്ണ ചകോരം പുരസ്കാരം ജാപ്പനീസ് ചിത്രമായ , ടു സീസൺസ് ടു സ്ട്രെയിഞ്ചേഴ്സിന് . ഉണ്ണികൃഷ്ണൻ അവാള സംവിധാനം ചെയ്ത തന്തപ്പേര് എന്ന മലയാള ചിത്രം മൂന്നു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രമേളയിൽ 19 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതിനെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു.  ഐ എഫ് എഫ് കെ തകർക്കാൻ  നീക്കം ഉണ്ടായെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ആഫ്രിക്കൻ സംവിധായകനായ അബ്ദെ റഹ്മാൻ സിസകോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍  സമ്മാനിച്ചു. ചലച്ചിത്ര മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ സയ്യദ് മിർസയെയും ജൂറി അധ്യക്ഷൻ ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസ്ലോഫിനേയും അദ്ദേഹം ആദരിച്ചു. പതിവിന് വിപരീതമായി, ചലച്ചിത്രമേളയിൽ 19 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത് മുപത്തുവര്‍ഷത്തിലെത്തിനില്‍ക്കുന്ന ഐഎഫ്എഫ്കെ യെ തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 

ജാപ്പനീസ് എഴുത്തുകാരനും ചിത്രകാരനുമായ യോഷിഹാരു സുഗേയുടെ സൃഷ്ടികളെ ആധാരമാക്കിയുള്ള ടു സീസണ്‍സ് ടു സ്ട്രെയിഞ്ചേഴ്സ് എന്ന ചിത്രത്തിനാണ് സുവര്‍ണ ചകോരം. മേളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ ഉണ്ണികൃഷ്ണന്‍ അവാള സംവിധാനം തന്തപ്പേര് എന്ന ചിത്രം മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ്, പ്രത്യേക ജൂറി അവാര്‍ഡ് എന്നിവയും  നേടി . മലയാളി സംവിധായകനായ സഞ്ചുസുരേന്ദ്രന്‍റെ ഘിഡ്കി ഗാവ് എന്ന ചിത്രവും നെറ്റ് പാക് അവാര്‍ഡ് പങ്കിട്ടു. ഫാസല്‍ റസാക്ക് സംവിധാനം ചെയ്ത മോഹത്തിനാണ് ഫിപ്രസി അവാര്‍ഡ്. നവാഗത സംവിധായകനുള്ള രജത ചകോരം ഷാഡോ ബോക്സ് എന്ന ബംഗാളി ചിത്രമൊരുക്കിയ  തനുശ്രീ ദാസിനും സൗമ്യാനന്ദ സാഹിക്കുമാണ്. നേരത്തെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മന്ത്രി സജി ചെറിയാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

International Film Festival of Kerala (IFFK) saw the Japanese film 'Two Seasons to a Stranger' win the Suvarna Chakoram award. Chief Minister Pinarayi Vijayan criticized the central government's denial of permission to screen 19 films, vowing not to bow down to fascist forces and protect artistic freedom.