pinarayi-vijayan

തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി അകറ്റാന്‍ ബജറ്റില്‍ ആനൂകൂല്യ പെരുമഴയ്ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.  ജനുവരി മൂന്നാം വാരം അവതരിപ്പിക്കാനുള്ള സമ്പൂര്‍ണ ബജറ്റില്‍ വന്‍ ജനകീയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് വിവരം. ക്ഷേമപെന്‍ഷന്‍ ഒരു തവണ കൂടി വര്‍ധിപ്പിക്കുന്നതടക്കം സജീവ പരിഗണനയിലാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നത് ബജറ്റിലുണ്ടാവും. ശമ്പളപരിഷ്ക്കരണ പ്രഖ്യാപനവും ബജറ്റിനോട് അനുബന്ധിച്ചുണ്ടാവുമെന്നാണ് സൂചന.  ഇതിനായി ബജറ്റ് തയാറാക്കുന്ന ഉദ്യോഗസ്ഥരുമായും സാമ്പത്തിക വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. 

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി ഒക്ടോബറിലാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. 1600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂടി വര്‍ധിപ്പിച്ചത് 2000 രൂപയാക്കി.  13,000 കോടി രൂപയാണ് ഇതിനായി നീക്കി വച്ചത്. സാമൂഹിക ക്ഷേമ  പദ്ധതികളുടെ ഗുണഭോക്താക്കള്‍ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ അടക്കമുള്ളവര്‍ക്കും പ്രത്യേക സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ആശാ വര്‍ക്കര്‍മാരുടെ അലവന്‍സ് വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡുവും അനുവദിച്ചിരുന്നു. 

ENGLISH SUMMARY:

Following the LDF's setback in the Kerala Local Body Elections, the state government is gearing up for a populist 2026 budget in January. Major announcements expected include a further hike in social security welfare pensions beyond ₹2,000, the implementation of the 12th pay revision for government employees, and a new pension scheme to replace the contributory system. Finance Minister K.N. Balagopal has held consultations with experts to draft a budget aimed at regaining public support ahead of the 2026 Assembly elections.