സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിന്‍റെ കണക്ക്. എല്‍ഡിഎഫിനേക്കാള്‍ 5.36 ശതമാനം വോട്ടുകള്‍ അധികം നേടാന്‍ കഴിഞ്ഞതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടായേക്കാനുള്ള സാധ്യതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടതോടെയാണ് യുഡിഎഫ് ക്യാംപില്‍ ഉണര്‍വ് പ്രകടമായത്. എല്‍ഡിഎഫിന് 33.45 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന്‍റെ വോട്ട് വിഹിതം 38.81 ശതമാനമാണ് . 5.36 ശതമാനം വോട്ടുകള്‍ അധികമായി എത്തിച്ചത് യുഡിഎഫ് അനുകൂല തരംഗമെന്ന പ്രതീതിയാണ് നല്‍കുന്നത് . ആകെ പോള്‍ചെയ്ത 2.12 കോടി വോട്ടില്‍ 82.37 ലക്ഷം വോട്ട് യുഡിഎഫിനും 70.99 ലക്ഷം വോട്ട് എല്‍ഡിഎഫിനും ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍കൈ നേടിയത് ചെറിയ കാര്യമല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടു നേടുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു
തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്കിലും യുഡിഎഫ് മുന്നിലാണ്. പഞ്ചായത്തുകളിലും അഞ്ച് ശതമാനത്തിന്‍റെ നേട്ടം ഐക്യജനാധിപത്യ മുന്നണിയുണ്ടാക്കി. 39 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന് 34 ശതമാനം വോട്ടാണ് പഞ്ചായത്തുകളില്‍ ലഭിച്ചത്. കോര്‍പറേഷനുകളിലും യുഡിഎഫിന് അഞ്ചുശതമാനം വോട്ടുകളുടെ മേല്‍കൈയുണ്ട്.
അതേസമയം, വലിയ വളര്‍ച്ചാണ് എന്‍ഡിഎ കോര്‍പഷനുകളിലുണ്ടാക്കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഇരു മുന്നികളെയും ആശങ്കയിലാഴ്ത്തുന്നതാണ്. യുഡിഎഫ് 34 ശതമാനവും എല്‍ഡിഎഫ് 33 ശതമാനവും നേടിയപ്പോള്‍ 23.58 ശതമാനമാണ് എന്‍ഡിഎയുടെകോര്‍പറേഷനുകളിലെ വോട്ടു വിഹിതം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗരമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാക്കാന്‍ എന്‍ഡിഎയ്ക്ക് പ്രചോദനം നല്‍കുന്നതാണ് വോട്ടുവിഹിതമെന്നും വിലയിരുത്തലുണ്ട്.