മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സുവർണ്ണ ചകോരം പുരസ്കാരം ജാപ്പനീസ് ചിത്രമായ ‘ടു സീസൺസ് ടു സ്ട്രെയിഞ്ചേഴ്സിന്’. മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരം സ്പാനിഷ് ചിത്രം 'ബിഫോർ ദ് ബോഡി'യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനുമാണ്. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. നിശാഗന്ധിയിൽ നടന്ന ചലചിത്രമേളയുടെ സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’ എന്ന മലയാള ചിത്രം മൂന്നു പുരസ്കാരങ്ങൾ നേടി. മേളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ്, പ്രത്യേക ജൂറി അവാര്‍ഡ് എന്നിവയും ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ആഫ്രിക്കൻ സംവിധായകനായ അബ്ദെ റഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ചലച്ചിത്ര മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ സയ്യദ് മിർസയെയും ജൂറി അധ്യക്ഷൻ ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസ്ലോഫിനേയും ചടങ്ങിൽ ആദരിച്ചു.
മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് നേടി. പതിവിന് വിപരീതമായി ചലച്ചിത്രമേളയിൽ 19 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതിനെ മുഖ്യമന്ത്രി വിമർശിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.