ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളില്‍ 12 ചിത്രങ്ങള്‍ക്ക് കൂടി പ്രദര്‍ശനാനുമതി. അഞ്ച് സിനിമകള്‍ക്ക് അനുമതിയില്ല. ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്രം. രണ്ടെണ്ണം വാര്‍ത്താ–വിതരണ പ്രക്ഷേപണ മന്ത്രാലയം കാണും. അനുമതിയില്ലാതെ കാണിച്ചാല്‍ ഉത്തരവാദി സംസ്ഥാനം. പലസ്തീന്‍ 36, വാജിബ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ അടക്കമുള്ള ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ഉറപ്പാക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ഐഎഫ്എഫ്കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ കുറ്റപ്പെടുത്തി. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തേടി നവംബറില്‍ അപേക്ഷ നല്‍കേണ്ടതായിരുന്നു. എന്നാല്‍ സംഘാടകര്‍ അപേക്ഷ സമര്‍പ്പിച്ചത് ഈ മാസമാണ്. നടപടിക്രമങ്ങളിലുമുണ്ട് വീഴ്ച. ഇത് മറയ്ക്കാന്‍ വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും ദീപിക വിമര്‍ശിച്ചു
വിദേശകാര്യമന്ത്രാലയം സിനിമകൾ കണ്ട് അന്തിമ തീരുമാനമെടുക്കുകയാണെന്നും പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇന്ന് തീരുമാനമാകുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം. പല സിനിമകളും രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിക്ക് അയച്ചിരിക്കുന്നത്. വിദേശ സിനിമകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്‍റെ അനുമതി ആവശ്യമാണ്. ചലച്ചിത്രമേളകൾക്കായി സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ സർട്ടിഫിക്കേഷന്‍റെ കാര്യത്തിൽ പ്രത്യേക ഇളവു നൽകാറുണ്ട്. പല ഘട്ടങ്ങളിലും സിനിമകൾ, രാഷ്ട്രീയ-ഉഭയകക്ഷി ബന്ധത്തിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണു അനുമതിക്കുവേണ്ടി വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനത്തിനുവിടുന്നത്.
രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നല്‍കാത്ത ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും. പലസ്തീൻ പാക്കേജിലെ ‘വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ’ ന്യൂ തിയേറ്റർ സ്ക്രീൻ രണ്ടിൽ രാത്രി 8.30നും പലസ്തീൻ ബാലന്‍റെ കഥ പറയുന്ന ഇസ്രയേലി ചിത്രം ‘ദി സീ’ ശ്രീ തിയറ്ററിൽ വൈകിട്ട് 6.15നും പ്രദർശിപ്പിക്കും. മേളയുടെ ആറാം ദിനത്തില്‍ 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളിൽ 72 ചിത്രങ്ങളാണ് എത്തുന്നത്. ഗാരിൻ നുഗ്രോഹോ സംവിധാനം ചെയ്ത, 1930കളിലെ ബാലി പശ്ചാത്തലമാക്കിയ സംസാരയുടെ ആദ്യ പ്രദർശനവും ഇന്നാണ്. പ്രശസ്ത വിയറ്റ്നാം ചലച്ചിത്രകാരനും ജൂറി അംഗവുമായ ‘ബൂയി താക് ചുയെൻ’ പങ്കെടുക്കുന്ന സംഭാഷണം ഉച്ചയ്ക്ക് 2.30ന് നിള തിയേറ്ററിൽ നടക്കും.