IFFK യിൽ കേന്ദ്ര സർക്കാർ വിലക്കിയ നാല് ചിത്രങ്ങൾക്ക് പ്രദർശനാനുമതി. 15 ചിത്രങ്ങൾക്ക് വിലക്ക് തുടരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിലക്കിനു പിന്നിൽ രാഷ്ട്രീയ അജണ്ട എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഐഎഫ്എഫ്കെയെ ഹൈജാക്ക് ചെയ്യുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. വിലക്ക് ലംഘിച്ച് സിനിമകൾ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ ധൈര്യം കാണിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പലസ്തീൻ ചിത്രം വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, സ്പാനിഷ് ചിത്രം ബീഫ്, ഹാർട്ട് of wolf, ഈഗിൾസ് of the republic എന്നീ ചിത്രങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം റിലീസായി 100 വർഷം തികക്കുന്ന ലോക ക്ലാസിക് ബാറ്റിൽഷിപ്പ് പൊട്ടംകിനും ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ കഥകൾ പറയുന്ന സിനിമകളും ഉൾപ്പെടെ 15 ചിത്രങ്ങൾ ഇപ്പോഴും വിലക്കിൽ തുടരുകയാണ്. ഈ സിനിമകളിൽ കേന്ദ്രം എന്താണ് ഭയക്കുന്നത് എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിച്ചു. അടുത്തവർഷം IFFK നടക്കുമോ എന്നതിൽ പോലും ആശങ്കയുണ്ട് എന്നും മന്ത്രി പറഞ്ഞു.
വിലക്കിനു പിന്നിൽ രാഷ്ട്രീയം തന്നെയാണെന്നും അത് മറികടന്ന് പ്രദർശിപ്പിക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്നും സംവിധായകൻ കമൽ. വിലക്കിനെതിരെയുള്ള പ്രതിഷേധവും തുടരുകയാണ്. പ്രതിഷേധത്തോടൊപ്പം വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. അതിനുള്ള രാഷ്ട്രീയ ഇഛാ ശക്തി സർക്കാർ കാണിക്കുമോയെന്നാണ് അറിയേണ്ടത്.