ചലച്ചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. സമാന കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം.
പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വിശദമായ വാദം കഴിഞ്ഞദിവസം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നും കുഞ്ഞുമുഹമ്മദിന് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന സംശയിക്കുന്നതായും പി.ടി.കുഞ്ഞുമുഹമ്മദിൻ്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജോലികൾക്കിടെ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞമാസം 27 ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി 13 ദിവസത്തിന് ശേഷമാണ് പൊലീസിന് കൈമാറിയത്. ഈ സംഭവത്തിൽ ഡബ്ല്യു.സി.സി (WCC) ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.