മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിഡിയോ പങ്കുവച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവരും സോഷ്യല്‍മീഡിയ പേജില്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ലാസ്റ്റ് ഷോട്ട് കഴിഞ്ഞ് മോഹന്‍ലാല്‍ വരുന്നതാണ് വിഡിയോയിലുള്ളത്. ഷോട്ട് ഓക്കേയാണോ എന്ന് ചോദിക്കുന്നതും ഓക്കേയാണെന്ന് പറഞ്ഞ് ജീത്തു ജോസഫ് കൈയ്യടിക്കുമ്പോഴുള്ള മോഹന്‍ലാലിന്‍റെ ഭാവപ്രകടനങ്ങളുമാണ് വിഡിയോയുടെ ഹൈലൈറ്റ്. ഓക്കെയാണെന്ന് പറയുമ്പോള്‍ ചെറിയ ഞെട്ടലോടെയാണ് എല്ലാവരെയും നോക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും കെട്ടിപിടിച്ച് സന്തോഷം പങ്കിടുന്നതും വിഡിയോയില്‍ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം സന്തോഷവും പങ്കിടുന്നതും വിഡിയോയിലുണ്ട്.
വിഡിയോ വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യലിടത്ത് വൈറലാണ്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തിയത്. സിനിമയുടെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മീന, എസ്തർ അനിൽ, അൻസിബ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021ലാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ, ദൃശ്യം 3 നായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.