വിദേശത്ത് ഐഎഫ്എഫ്കെ പതിപ്പുകള്‍ നടത്താന്‍ ആലോചിക്കുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ലോക സിനിമ ഐ.എഫ്.എഫ്.കെയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അടുത്തമാസം 12ന് ആരംഭിക്കുന്ന മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രഖ്യാപനം ഡല്‍ഹിയില്‍ നടത്തുകയായിരുന്നു റസൂല്‍ പൂക്കുട്ടി.
ഐഎഫ്എഫ്കെ കാണമെന്ന് ആഗ്രഹമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്ത ഒട്ടേറെ പേര്‍ വിവിധ രാജ്യങ്ങളിലുണ്ട് എന്ന് റസൂല്‍ പൂക്കുട്ടി. ദുബായില്‍ അടക്കം മേളയുടെ പതിപ്പ് സംഘടിപ്പിക്കാനാണ് ആലോചന. ചലച്ചിത്രമേള ഓണ്‍ലൈന്‍ സ്ട്രീം ചെയ്താല്‍ ആസ്വാദനത്തെ ബാധിക്കും. മലയാളത്തില്‍ അമ്പരപ്പിക്കുന്ന സിനിമകളാണ് പുതിയ തലമുറ ഒരുക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ഇത്തവണ എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 230 സിനിമകളാണ് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നത്. വിയറ്റ്നാം യുദ്ധത്തിന്‍റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് കണ്‍ട്രി ഫോക്കസില്‍ വിയറ്റ്നാമില്‍ നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര മല്‍സര വിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഉണ്ടാകും.
എം.ടി.വാസുദേവന്‍ നായര്‍, ഷാജി എന്‍ കരുണ്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ട് ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും. കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ കുക്കു പരമേശ്വരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.