പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ എന്ന യു ട്യൂബ് ചാനലിനെതിരെ പരാതി നൽകി നിർമാതാവ് സന്ദീപ് സേനൻ. സിനിമയെ ലക്ഷ്യമിട്ട് യുട്യൂബ് ചാനൽ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് എറണാകുളം സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആരോപണം.

റിവ്യൂ എന്ന വ്യാജേനയാണ് 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയതെന്നാണ് സന്ദീപ് സേനന്റെ പരാതി. വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താൽ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനൽ പ്രചരിപ്പിച്ചു. അഞ്ച് വർഷത്തോളമായി സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ നിർമാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ തനിക്ക് നേരിടേണ്ടി വരുന്നതെന്ന് സന്ദീപ് സേനൻ പരാതിയിൽ പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് ചാനൽ വീഡിയോ പ്രചരിപ്പിച്ചത്. ഇത് സൈബർ ടെററിസമാണെന്നും  സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും യൂട്യൂബ് ചാനൽ ശ്രമിച്ചു എന്നും സന്ദീപ് പരാതിയിൽ പറഞ്ഞു. കഴിഞ്ഞ 21ന് തിയറ്ററുകളിൽ എത്തിയ വിലായത്ത് ബുദ്ധ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് സിനിമയുടെ നിർമാതാവ് സൈബർ ആക്രമണത്തിൽ യു ട്യൂബ് ചാനലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

ENGLISH SUMMARY:

The producer of Vilayath Budha, Sandeep Senan, has lodged a formal complaint against a YouTube channel for allegedly launching a cyber attack on the film. The complaint states that the channel spread religious and political hate propaganda under the guise of a film review. False claims were circulated against lead actor Prithviraj, accusing him of promoting an anti-Hindutva agenda. The producer reported serious financial loss after investing around ₹40 crore over five years. He accused the channel of distorting the film’s content and attempting communal polarization. The complaint was filed while the film continues its theatrical run after releasing on the 21st.