Coorilos-mammootty

മമ്മൂട്ടിയിലെ നടനെ വാനോളം പുകഴ്​ത്തി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ഭ്രമയുഗം സിനിമ കണ്ടതിന് പിന്നാലെയാണ് മാര്‍ കൂറിലോസ് മമ്മൂട്ടിയുടെ വിവിധ ഭാവാഭിനയങ്ങളെ പറ്റി വിശദമായ കുറിപ്പിട്ടത്. നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക എന്ന് ചോദിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. വടക്കൻ വീരഗാഥ, അമരം,  വാത്സല്യം,  കാഴ്ച,  മൃഗയ,  വിധേയൻ,  ഭൂതകണ്ണാടി,  മതിലുകൾ തുടങ്ങിയ സിനിമകള്‍ പ്രതിപാദിച്ചാണ്  മാര്‍ കൂറിലോസിന്‍റെ കുറിപ്പ്. 

ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആകിട്ങ്ങിൽ മമ്മൂട്ടി അവസാന വാക്കാണെന്നും ഈ മഹാനടനിൽ പരകായ പ്രവേശം അതിന്‍റെ ഔന്നത്യം പ്രാപിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെ.  പേരന്‍പ്,  നന്‍പകൽ നേരത്ത്, കാതൽ എന്നിങ്ങനെ പോകുന്ന ചിത്രങ്ങള്‍ ഈ മാറ്റിനിർത്തലിന്‍റെ  രാഷ്ട്രീയ ഉദാഹരണങ്ങളാണെന്നും മാര്‍ കൂറിലോസ് പറഞ്ഞു. മമ്മൂട്ടി അവതരിപ്പിക്കണമെന്ന് ആഗ്രഹമുള്ള കഥാപാത്രവും കുറിപ്പില്‍ മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക? കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ്‌ എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്  ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആകിട്ങ്ങിൽ മമ്മൂട്ടി അവസാന വാക്കാണ്.  പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാപാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! 

ഇന്ത്യൻ സിനിമയുടെ ഡാനിയൽ ഡേ ലൂവിസ് എന്നോ റോബർട് ഡെ നീറോ എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച ഡാനിയൽ ഡേ ലൂവിസ് ഷൂട്ടിങ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്.  മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം,  ഇംഗ്ലീഷ് ഭാഷ ആക്സന്‍റ് പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. ടാക്സി ഡ്രൈവര്‍ ആയി അഭിനയിക്കാൻ ജീവിതത്തിൽ ഡെ നീറോ ടാക്സി ഡ്രൈവര്‍ ആയതു പോലെ! 

ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യാസവും (modulation ) ഇത്രമേൽ സാമന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്. 

കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം,  വാത്സല്യം,  കാഴ്ച,  മൃഗയ,  വിധേയൻ,  ഭൂതകണ്ണാടി,  മതിലുകൾ,  പാലേരി മാണിക്യം,  പൊന്തൻ മാട,  പ്രാഞ്ചിയേട്ടൻ,  അരയന്നങ്ങളുടെ വീട്,  യാത്ര,  ന്യൂ ഡൽഹി,  നിറക്കൂട്ട് അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.  ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ. 

ഒരു പക്ഷെ തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല.  പേരന്‍പ്,  നന്‍പകൽ നേരത്തു,  കാതൽ. .,അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്‍റെ  രാഷ്ട്രീയ  ഉദാഹരണങ്ങൾ . ..എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം. അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്,  മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ. നമ്മുടെ എല്ലാം പ്രാർഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..നാട്യ കലയിൽ സപര്യ തുടരാൻ. ..തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ. ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു : കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്നാണ്  ആഗ്രഹം.

ENGLISH SUMMARY:

Mammootty is praised by Geevarghese Mar Coorilos for his method acting prowess. The bishop highlighted Mammootty's dedication and versatility, urging filmmakers to utilize his talents further while also expressing that Mammootty should portray Ayyankali in a film.