സോഷ്യൽ മീഡിയയിലെ വൈറൽ പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ഐ ഷാനവാസ്. ലഹരിക്കെതിരായി അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പത്തനാപുരത്തെ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ആയിരുന്നു എസ് ഐയുടെ പ്രസംഗം.
ഒരു യുവാവിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തപ്പോൾ അമ്മയോട് ബൈക്കിന്‍റെ മൈലേജ് കൂട്ടാനുള്ള സാധനം ആണെന്ന് പറഞ്ഞ് ആ പയ്യൻ കബളിപ്പിച്ച സംഭവം എസ്ഐ ഓർത്തെടുത്തു. ലഹരിയുടെ ഉപയോഗത്താൽ കണ്ണ് തൂങ്ങുന്ന കുട്ടികൾ അത് തിരിച്ചറിയാതിരിക്കാൻ കണ്ണെഴുതുന്നതായും എസ്ഐ പറയുന്നു.
ന്യൂജൻ കുട്ടികൾ പലരും ഒമ്പതുമണിക്ക് ശേഷം ആഹാരം കഴിക്കാനായി വീടുവിട്ടിറങ്ങുന്നു. കുട്ടികൾ ഏഴുമണിക്ക് ശേഷം പുറത്തു പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. കുട്ടികളുടെ കൂട്ടുകെട്ടുകളെ കുറിച്ച് രക്ഷിതാക്കൾ ചിന്തിക്കണമെന്നും പ്രസംഗത്തിൽ പറയുന്നു. എസ്ഐ ഷാനവാസിന്‍റെ ഈ പ്രസംഗത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. കണ്ണെഴുതുന്ന കുട്ടികൾ ലഹരിക്കടിമപ്പെട്ടവരാണെന്നത് അടക്കുള്ള വാക്കുകളാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.