മലയാളത്തിന്‍റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തഞ്ച്. വാഹനാപകടത്തില്‍ പരുക്കുകളില്‍ നിന്ന് മുക്തനായ തുടര്‍ ചികില്‍സകളില്‍ കഴിയുന്ന ജഗതി ഈവര്‍ഷം അജുവര്‍ഗീസ് ടീമിന്‍റെ 'വല' എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജഗതിയോടൊപ്പം അഭിനയിച്ചവരെല്ലാം ചേര്‍ന്ന് ഈ മാസം 23 ന് തിരുവനന്തപുരത്ത് വിപുലമായ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
വെള്ളിത്തിരയില്‍ മുഴുനീള വേഷം ചെയ്യാന്‍ തയാറെടുക്കുകയാണ് ജഗതി ശ്രീകുമാര്‍. അഞ്ചുവര്‍ഷം മുമ്പ് സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രമായ ദ് ബ്രയിനില്‍ ഇന്‍സ്പെക്ടര്‍ വിക്രമായി അദ്ദേഹം സിനിമയില്‍ മടങ്ങിയെത്തിയിരുന്നു. അത് ചെറിയ സീനില്‍ ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ പ്രധാന വേഷമാണ്. ഈ മാസം കൊച്ചിയില്‍ ചിത്രീകരണം തുടങ്ങും
2012 ൽ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞത്. ദീര്‍ഘനാളത്തെ ചികില്‍സയും തുടര്‍ന്നുള്ള പരിചരണവും നല്ലമാറ്റമുണ്ടാക്കി. അപകടത്തിന്‍റെ പരുക്കുകളില്‍ നിന്ന് അദ്ദേഹം ഏറെക്കുറെ മുക്തനായി.
രാജ് കുമാറിന്‍റെ നിര്‍മാണക്കമ്പനി തയാറാക്കിയ പരസ്യ ചിത്രത്തല്‍ അഭിനയിച്ചുകൊണ്ടാണ് ജഗതി ക്യമറയ്ക്ക് മുന്നില്‍ വന്നത്. പിന്നീട് സി.ബി.ഐയിലും അഭിനയിച്ചു. പൊതുപരിപാടികളിലും പങ്കെടുക്കുന്നു. ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരം നേടി നടന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിച്ചപ്പൊഴും ജഗതി പ്രത്യേക ക്ഷണിതാവായിരുന്നു.