സമീപകാലത്ത് നാഷ്നൽ ക്രഷ് ആയി മാറിയ നടിയാണ് മറാഠി നായിക ഗിരിജ ഓക്ക് ഗോഡ്ബോലെ. ഒരു യൂട്യൂബ് ചാനലിനു നടി നൽകിയ അഭിമുഖത്തിലെ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറലായി മാറിയത്. അതിമനോഹരിയായി നീല സാരിയിൽ സ്ലീവ്‌ലെസ് ബ്ലൗസിലുമുള്ള ഗിരിജയുടെ ചിത്രവും ഇതിനൊപ്പം വൈറലായതോടെ, ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായി ഗിരിജ മാറി.
എന്നാല്‍ തനിക്ക് കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷവും അതോടൊപ്പം തന്നെ ആശങ്കയും അറിയിച്ച് താരം രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ചിത്രങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ എഐയിൽ സൃഷ്ടിച്ച മോർഫ് ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തുന്നു. ഇത് തന്നെ വല്ലാതെ അലട്ടുന്നുവെന്നും ദയവ് ചെയ്ത് ആളുകൾ ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും നടി വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.
‘സോഷ്യൽ മീഡിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് തികഞ്ഞ ഭ്രാന്തമായ കാര്യങ്ങളാണ്. ഭ്രാന്തുപോലെ തന്നെ മികച്ചതുമാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ ആലോചിക്കുകയാണ്. അതേസമയം, എനിക്ക് ഒരുപാട് സ്നേഹം ലഭിക്കുന്നുണ്ട്, ഇൻസ്റ്റാഗ്രാമിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ എന്റെ പോസ്റ്റുകൾ കണ്ട ആളുകളിൽ നിന്ന് ഒരുപാട് നല്ല കമന്റുകൾ, മെസ്സേജുകൾ, ഫോൺ കോളുകൾ എന്നിവയെല്ലാം ലഭിക്കുന്നു. എനിക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവ് അവിശ്വസനീയവും താങ്ങാനാവാത്തതുമാണ്.
എന്റെ ഒരുപാട് സുഹൃത്തുക്കൾ, ബന്ധുക്കൾ, പരിചയക്കാർ എന്നിവരെല്ലാം പല പോസ്റ്റുകളും മീമുകളും എനിക്ക് അയച്ചിട്ടുണ്ട്, അവയിൽ ചിലത് അതിശയകരമാംവിധം രസകരവും വളരെ സർഗാത്മകവുമാണ്. എന്നാൽ അവയിൽ ചിലത്, AI ഉപയോഗിച്ച് മോർഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്, അവ അത്ര നല്ലതല്ല. അവ ലൈംഗിക ചുവയുള്ളതും തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടുള്ളതുമാണ്, അത് തീർത്തും അസ്വസ്ഥമാക്കുന്ന തരത്തിലാണ് പ്രചരിക്കുന്നത്, ഇത് എന്നെ വല്ലാതെ അലട്ടുന്നുണ്ട് എനിക്കൊരു 12 വയസ്സുകാരൻ മകനുണ്ട്. അവൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല, പക്ഷേ ഭാവിയിൽ അവൻ ഉപയോഗിക്കും. അവൻ വലുതാകുമ്പോൾ, ഈ ചിത്രങ്ങളിലേക്ക് എത്തപ്പെടും. കാരണം ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ എന്നെന്നേക്കുമായി നിലനിൽക്കും.
അവന്റെ അമ്മയുടെ ഈ ‘അശ്ലീല’ ചിത്രങ്ങൾ അവൻ ഒരു ദിവസം കാണും, അവയെക്കുറിച്ച് അവന് എന്ത് തോന്നും എന്ന് ഓർക്കുമ്പോൾ എനിക്ക് ആശങ്കയുണ്ട്, ഭയമുണ്ട്, ഇത് എന്നെ വല്ലാതെ അലട്ടുന്നു. ഇവ യഥാർഥ ചിത്രങ്ങളല്ലെന്നും AI ഉപയോഗിച്ച് മോർഫ് ചെയ്ത് എഡിറ്റ് ചെയ്തതാണെന്നും അവനറിയാം. ഇപ്പോൾ ഈ ചിത്രങ്ങൾ കാണുന്ന ആളുകളെപ്പോലെ തന്നെ, ഇത് യഥാർഥ ചിത്രങ്ങളല്ലെന്നും മാറ്റം വരുത്തിയതാണെന്നും അവരും അറിയുന്നവരാണ്. പക്ഷേ ഇത് അവർക്ക് ഒരുതരം വിലകുറഞ്ഞ ആനന്ദം, ഒരുതരം വിലകുറഞ്ഞ ലൈംഗിക ഉത്തേജനം നൽകുന്നു.ഇത് ഭയപ്പെടുത്തുന്നതാണ്. ഇതിനെക്കുറിച്ച് എനിക്ക് വലിയൊന്നും ചെയ്യാനാവില്ലെന്ന് എനിക്കറിയാം, എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് ഒന്നും ചെയ്യാതിരിക്കുന്നത് എന്നെ സംബന്ധിച്ച് ശരിയല്ല. അതിനാൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ഈ വീഡിയോ കാണുന്നവരിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും മറ്റ് ആരുടെയും ചിത്രങ്ങൾ AI ഉപയോഗിച്ച് മോർഫ് ചെയ്ത് അനുചിതമായ രീതിയിൽ പ്രചരിപ്പിക്കുന്നവരുണ്ടെങ്കിൽ, നിങ്ങൾ ഒരു തവണ അതിനെക്കുറിച്ച് ചിന്തിക്കണം– താരം പറഞ്ഞു.