ഡയലോഗിന്‍റെ അകമ്പടിയില്ലാതെ ഒരു ക്ലോസ് അപ്പ് ഷോട്ട് അഭിനയിച്ച് ആ സീനിന്‍റെ ഇമോഷൻ പ്രേക്ഷകരിലേക്ക് പകരാനായാൽ അതിനർഥം അയാൾ ഒരു മികച്ച നടനെന്നാണ്. സിബി മലയിലിന്‍റെ ഈ വാക്കുകൾ കടമെടുത്താൽ ഡിയർ ഈറ കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു പ്രണവ് മോഹൻലാൽ ഒരു മികച്ച നടൻ ആണെന്ന്.

2002ൽ ‘ഒന്നാമൻ’ സിനിമയിൽ ഗോളടിച്ച് ടൈറ്റിൽ കാർഡിൽ വരുന്ന ആ കൊച്ചുപയ്യനിൽ നിന്നും കാൽനൂറ്റാണ്ടോട് അടുക്കുന്ന സിനിമയാത്രയിൽ ആകെ അഭിനയിച്ചത് 11 സിനിമകളിൽ. ചിലതിൽ ബാലതാരം. മറ്റ് ചിലതിൽ അതിഥിതാരം. നായകനായത് കേവലം 5 സിനിമകൾ. പുനർജ്ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്, സാഗർ ഏലിയാസ് ജാക്കിയിൽ ഒരു നോട്ടം നോക്കി ഫ്രെയിമിൽ മാഞ്ഞു. ആദിയിലൂടെ പ്രണവിന്‍റെ മെയ്‌വഴക്കം ജീത്തു ജോസഫ് കാട്ടിത്തന്നു, വിനീത് ശ്രീനിവാസൻ ഹൃദയം തൊട്ടെഴുതിയ ‘ഹൃദയ’ത്തിലൂടെ പ്രണവ് പകർന്ന സിനിമാനുഭവം പ്രേക്ഷകരെ ഒന്നാകെ ഏറ്റുവാങ്ങി.

പ്രണവിന്‍റെ ചിരിക്ക് പറഞ്ഞറിയിക്കാനാവാത്ത ഭംഗിയുണ്ടെന്നും, അത് ഭംഗിയോടെ ഒപ്പിയെടുക്കാനാണ് ഹൃദയത്തിലൂടെ താൻ ശ്രമിച്ചതെന്നും വിനീത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ കണ്ടവർക്കും അരുൺ നീലകണ്ഠനായി മറ്റൊരു യുവതാരത്തെ സങ്കൽപ്പിക്കാനാകില്ല. നടനെന്ന നിലയിൽ ഏറെ ദൂരം മുന്നോട്ടുപോയിരിക്കുന്നു പ്രണവ്. വർഷങ്ങൾക്കു ശേഷത്തിലും നല്ല പ്രകടനം എന്ന് പ്രണവ് പറയിപ്പിച്ചു.

പല സംവിധായകരും പ്രണവിലെ നെപ്പോ കിഡിന്‍റെ മാർക്കറ്റിങ് സാധ്യതകളെ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ പ്രണവിലെ നടനെ വീണ്ടെടുക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. പ്രണവിന്‍റെ കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന കഥാപാത്രമാണ് റോഹൻ. കയ്യടക്കത്തോടെ കൃത്യമായ മീറ്ററിനുള്ളിൽ നിന്ന് പ്രണവ് കഥാപാത്രത്തെ മികവുറ്റതാക്കി.

കുറച്ചുനാൾ സംവിധായകൻ ജീത്തു ജോസഫിന്‍റെ സംവിധാന സഹായിയായി പ്രണവ് ജോലി ചെയ്തിരുന്നു. അന്ന് മോഹൻലാലിന്‍റെ മകൻ എന്ന പരിഗണനയിൽ എസി റൂം അടക്കം സൗകര്യങ്ങൾ ഒരുക്കി. എന്നാൽ പ്രണവ് അതെല്ലാം നിരസിച്ചു. തനിക്കൊപ്പമുള്ളവർക്ക് ലഭിക്കുന്ന അതേ സൗകര്യം തനിക്കും നൽകിയാൽ മതിയെന്നും ഒരു സാധാരണ സഹസംവിധായകനാണ് താനെന്നും വാദിച്ചു. സെറ്റിൽ മോഹൻലാലിന്‍റെ മകൻ എന്ന ആനുകൂല്യം ഒരിടത്തും അദ്ദേഹം മുതലെടുത്തില്ല. പ്രണവ് എന്നതായിരുന്നു അദ്ദേഹത്തിന്റെ മേൽവിലാസം.

അയാൾ അങ്ങനെയാണ്, തന്‍റെ സിനിമ സൂപ്പർഹിറ്റായി ഓടുമ്പോൾ ചാനൽ അഭിമുഖങ്ങൾക്കോ അവകാശവാദ തള്ളിനോ നിന്ന് കൊടുക്കാറില്ല, അടുത്ത യാത്രക്ക് അയാൾ പോവുകയും ചെയ്തു, ആരും കാണാത്ത ഇടങ്ങളിലേക്ക് ഏകനായി സഞ്ചരിച്ചും ഏകാന്തയാത്രകളിലും ലളിത ജീവിതത്തിലും സുഖം കണ്ടെത്തി അയാൾ പാറിപ്പറക്കുകയാണ്.

ENGLISH SUMMARY:

Pranav Mohanlal is proving himself as a versatile actor in Malayalam cinema. From his early roles to recent performances in 'Hridayam' and 'Dear Eera,' he showcases a dedication to his craft beyond his family legacy.