ഒരു സീനില്‍ മുഖം കാണിച്ച താരം പോലും സ്വന്തമായി ഫാന്‍സ് അസോസിയേഷനും ഫാന്‍ പേജുകളുമായി നിറയുന്ന ഈ കാലത്ത് തന്‍റെ കരിയറിന്‍റെ പീക്ക് ടൈമില്‍ പോലും എനിക്ക് ഫാന്‍സ് അസോസിയേഷന്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചൊരു നടന്‍. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനായി ജീവിക്കണം , താരങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവിതം കളയരുതെന്ന് പറഞ്ഞ് 58000ത്തിൽ അധികം ഫാൻസ് ക്ലബ്ബുകളെ അയാള്‍ പിരിച്ചുവിട്ടു. എങ്കിലും ലക്ഷക്കണക്കിന് ഉടലുകള്‍ക്കും ഉയിരിനും ഒരേ ഒരു ‘തല’ എന്ന സ്നേഹവാഴ്ത്തിന് ഉടമയാണ് അയാള്‍ ,
തമിഴ് സിനിമയിൽ ഗോഡ്ഫാദർമാരില്ലാതെ വളർന്ന പ്രസ്ഥാനം, ആരാധകരുടെ സ്വന്തം അജിത്ത്. ‘തല’യെ കാണണമെങ്കിൽ സ്ക്രീനിൽ നോക്കണം. പൊതുവേദികളിൽ അത്യപൂർവം. പരസ്യചിത്രങ്ങളിൽ കാണില്ല. ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ ഇല്ല. സ്വന്തം സിനിമയുടെ പ്രചാരണത്തിനു പോലും വരാറില്ല. അഭിമുഖങ്ങളും ചാനൽ പരിപാടികളും വിരളം. ഫാൻ ക്ലബ്ബുകൾ പണ്ടേ പിരിച്ചുവിട്ടു. എന്നിട്ടും ‘തല’ എന്നാല്‍ തമിഴിലെ മുന്‍നിര ബ്രാന്‍ഡാണ്. എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത ‘ദീന’ എന്ന ചിത്രത്തിലെ ചെല്ലപ്പേരായിരുന്നു തല. അൾട്ടിമേറ്റ് സ്റ്റാർ വിളിക്ക് പകരമായി ആരാധകർ ഇതേറ്റെടുത്തു, അങ്ങനെ അജിത്ത് തലയായി. എന്നാല്‍ ആരാധകരുടെ അതിര് വിട്ട് പെരുമാറ്റവും സ്നേഹവും കണ്ട അജിത്ത് പറഞ്ഞു. എനിക്ക് ഫാന്‍സ് അസോസിയേഷന്‍ വേണ്ട, എന്‍റെ പേരില്‍ ആരും കട്ടൗട്ടും ഉയര്‍ത്തേണ്ട. ഹിറ്റുകളും പരാജയങ്ങളും കരിയറില്‍ വന്നപ്പോഴും അജിത്ത് ഒരിക്കലും തന്‍റെ നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല.
രജനീകാന്തിനു ശേഷം തന്‍റെ യഥാർഥ രൂപം ആരാധകർക്കു കാട്ടിക്കൊടുത്ത താരം കൂടിയാണ് അജിത്ത്. ജീവിതത്തിൽ വിഗ് ഉപയോഗിക്കാത്ത രജനിയെ പോലെ തന്‍റെ നരച്ച തലമുടി സിനിമയിലൂടെയും ജീവിതത്തിലും അജിത് ആരാധകർക്കു കാണിച്ചുകൊടുത്തു. മങ്കാത്തയിലൂടെയാണ് അജിത് നര വീണ തലമുടിയുമായി ആദ്യം എത്തിയത്. ചിത്രം വൻ ഹിറ്റായതോടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കും ഹിറ്റായി. എല്ലാം കൈവിട്ടുപോയ സാധാരണ മനുഷ്യരെയും ചേർത്തുപിടിക്കാൻ അജിത്ത് ഒരിക്കലും മടിച്ചിട്ടില്ല. അതൊന്നും പബ്ലിസിറ്റിക്കായി അദ്ദേഹം ഉപയോഗിക്കില്ല എന്നതും വേറിട്ടുനിർത്തുന്നു.
ചെന്നൈ പ്രളയക്കെടുതിയിലായപ്പോള്‍ സ്വന്തം വീട് ദുരിതബാധിതർക്കായി അദ്ദേഹം തുറന്നുകൊടുത്തത് സമാനതകളില്ലാത്ത കാഴ്ചയായിരുന്നു .പത്താം ക്ലാസിൽ പഠിപ്പ് നിർത്തിയവൻ. വെറുമൊരു മെക്കാനിക്ക്. ഭാഗ്യമില്ലാത്ത നടൻ.. അങ്ങനെയങ്ങനെ പുച്ഛിച്ചവരോട് അജിത്ത് അഞ്ചുഭാഷകൾ സംസാരിച്ച് മറുപടി പറയുന്നു. വെറുമൊരു മെക്കാനിക്കിൽ നിന്ന് റേസിങ് ചാംപ്യനിലേക്ക്. പിന്നെ വിമാനം പറത്താൻ ലൈസൻസ്, താരമായി വളർന്നു പറന്ന മുപ്പതാണ്ട്. കുടുംബത്തോട് ആരാധകരോട് സ്ത്രീകളോട് സഹപ്രവർത്തകരോട് സ്വന്തം ജീവിതം കൊണ്ട് അജിത്ത് കാണിക്കുന്ന ആ തികഞ്ഞ ബഹുമാനം പതിറ്റാണ്ടുകൾക്ക് ശേഷവും തെന്നിന്ത്യയുടെ പ്രിയപ്പെട്ട തലയാക്കുന്നു ഈ മനുഷ്യനെ.