തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ച വ്യക്തിക്കെതിരെ പരാതി നൽകി നടി അനുപമ പരമേശ്വരൻ. തമിഴ്നാട് സ്വദേശിയായ ഇരുപതുകാരിയാണ് തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതെന്ന് അനുപമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വെളിപ്പെടുത്തി. പ്രായം കണക്കിലെടുത്ത് പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട എന്ന് താൻ തീരുമാനിച്ചെന്നും അനുപമ പറയുന്നു.  

അനുപമ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം

‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈൽ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്തുകൊണ്ടാണ് വ്യാജ പ്രചരണങ്ങൾ നടത്തിയത്. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഓൺലൈനിൽ ഇത്തരം ആസൂത്രിത അതിക്രമങ്ങൾ നേരിടേണ്ടി വരുന്നത് വളരെ വേദനാജനകമാണ്. 

വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ ഇതേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉടനെ ഞാൻ കേരള സൈബർ ക്രൈം പൊലീസിന് പരാതി നൽകി. സൈബർ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അക്കൗണ്ടുകൾക്ക് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അവളുടെ ഭാവിയോ മനസ്സമാധാനമോ കളയണമെന്ന് എനിക്ക് ആഗ്രഹമില്ലാത്തതിനാൽ, അവളുടെ പ്രായം കണക്കിലെടുത്ത് പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട എന്ന് ഞാൻ തീരുമാനിച്ചു.

ഒരു സ്മാർട്ട്‌ഫോൺ സ്വന്തമായി ഉള്ളതുകൊണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതുകൊണ്ടും മറ്റുള്ളവരെ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ഉള്ള അവകാശം ആർക്കുമില്ലെന്ന് ഓർമിപ്പിക്കുന്നു. ഓൺലൈനിൽ നടത്തുന്ന എല്ലാ പ്രവൃത്തികൾക്കും തെളിവുകളുണ്ട്. അതിനൊക്കെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരും.ഈ സംഭവത്തിൽ ഞാൻ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതി കുറ്റത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും. ഒരു അഭിനേതാവോ പൊതുപ്രവർത്തകനോ ആകുന്നത് അവരുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നില്ല. സൈബർ ആക്രമണം ശിക്ഷാർഹമായ കുറ്റമാണ്’

ENGLISH SUMMARY:

Anupama Parameswaran files complaint against individual spreading morphed images. The actress took legal action after discovering a 20-year-old girl from Tamil Nadu was behind the malicious online campaign targeting her and her family.