ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ആരോപണം ഉന്നയിച്ച ഷിംജിത  മുസ്തഫ പിടിയില്‍. പ്രതിയായതിനെത്തുടര്‍ന്ന് യുവതി ഒളിവിലായിരുന്നു. അറസ്റ്റ് ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. രാജ്യം വിടാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിറകെ  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷിംജിത കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. 

Also Read: ‘എന്‍റെ കുഞ്ഞമ്മയുടെ മോളല്ലാ അവള്‍, റീച്ചിന് എന്‍റെ പേര് പറയരുത്’ ; ജാസി

ഷിംജിതയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ജാമ്യാമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത 19 മുതല്‍ ഷിംജിത ഒളിവിലായിരുന്നു. സമൂഹ മാധ്യമത്തില്‍ ഷിംജിത പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത വീഡിയോയാണ്. ബസിനുള്ളില്‍ സംഭവിച്ചതെന്താണെന്നതിനുള്ള വ്യക്തതക്കായി ഷിംജിതയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോയുടെ പൂര്‍ണ രൂപം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. 

ദീപക്കിന്‍റെ ആത്മഹത്യസി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബും ദീപക്കിന്‍റെ വീട്ടിലെത്തി. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിന്‍റെ രക്തസാക്ഷിയാണ് ദീപക്കെന്ന് മെഹബൂബ് പറഞ്ഞു. 

ലൈംഗികാതിക്രമം  നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്.  

കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ടി.പി.ഗോപാലൻ റോഡിലെ ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച്  യുവതി വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്‍റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ തകര്‍ത്തെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. ചെയ്യാത്ത കുറ്റത്തിനാണ് ദീപക്കിനെ അപമാനിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.  ദീപക്ക് കടുത്തമാനസികസംഘര്‍ഷത്തിലായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.

ENGLISH SUMMARY:

Deepak suicide case: Shimjitha Musthafa has been arrested in connection with the suicide of Deepak in Kozhikode following allegations of sexual harassment. The accused woman was in hiding, and police are investigating the video she posted on social media.