അദേഴ്​സ് സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയത്. 

'എന്‍റെ ഭാരം എങ്ങനെ ആണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് തീരെ ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്‍റെ ഭാരം അറിഞ്ഞിട്ട് നിങ്ങള്‍ എന്ത് ചെയ്യാന്‍ പോവുകയാണ്. വണ്ണം വച്ചിരിക്കണോ വേണ്ടയോ എന്നുള്ളത് എന്‍റെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം എനിക്ക് വേണ്ട. എന്തുകൊണ്ടാണ് നടിമാരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഹീറോയോട് പോയി ഭാരം എത്രയാണെന്ന് ചോദിക്കുമോ? എനിക്കിത് തമാശയായി തോന്നുന്നില്ല, ബോഡി ഷെയിമിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്‍റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലുമില്ല, ഈ സാറിന്‍റെ എന്‍റെ ഭാരം എത്രയാണെന്നാണ് അറിയേണ്ടത്,' ഗൗരി പറഞ്ഞു. 

എന്നാല്‍ ചോദ്യത്തെ ന്യായീകരിച്ച മീഡിയ ഗൗരിയോട് തട്ടിക്കയറുകയാണ് ചെയ്​തത്. താന്‍ ചോദിച്ചത് ഇന്‍ററസ്റ്റിങ്ങായ ചോദ്യമാണെന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ വാദം. നിങ്ങള്‍ ചെയ്യുന്നത് ജേണലിസമല്ല എന്ന് ഗൗരി പറഞ്ഞപ്പോള്‍ പിന്നെ മോദിയെ പറ്റിയും ട്രംപിനെ പറ്റിയും ചോദിക്കണോ എന്നായിരുന്നു മറുചോദ്യം. മാപ്പ് പറയാനും മീഡിയക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ഗൗരിയുടെ നിലപാട്. 

പ്രസ് മീറ്റിന് വന്ന മീഡിയക്കാരെല്ലാം ഒന്നിച്ചാണ് ഗൗരിയെ ചോദ്യം ചെയ്​തത്. എന്നാല്‍ താരത്തിന് ഒപ്പമുള്ള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നടിയെ പിന്തുണയ്​ക്കാതെ നിശബ്ദരായിരിക്കുകയാണ് ചെയ്​തത്. മീഡിയയുടെ ചോദ്യത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദ ഗൗരിയെ പിന്തുണച്ച് രംഗത്തെത്തി. ഈ ചെറിയ പ്രായത്തില്‍ ഗൗരി തനിക്കായി ശബ്ദമുയര്‍ത്തിയതില്‍ അഭിമാനം തോന്നുന്നു എന്നാണ് ചിന്മയി എക്സില്‍ കുറിച്ചത്. 

ENGLISH SUMMARY:

Gouri Kishan faced body shaming at a press meet for the movie 'Others' and responded strongly. This incident sparked controversy and highlights the issue of body shaming against actresses, with support from figures like Chinmayi Sripada.