മിമിക്രി ആർട്ടിസ്റ്റും നടിയുമായ കലാഭവൻ സരിഗയ്ക്ക് പുരസ്കാരം നൽകുന്നതിനിടെ നടൻ ശങ്കർ നടത്തിയ പെരുമാറ്റമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന 'ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ' ചടങ്ങിലാണ് സംഭവം. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനാണ് സരിഗയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അവാർഡ് നൽകിയത്. സംവിധായകൻ വിനയൻ മൊമന്റോയും നടൻ ശങ്കർ പ്രശസ്തി പത്രവുമാണ് സരിഗയ്ക്ക് കൈമാറിയത്.
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ സൗഹൃദപൂർവം ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും ശങ്കർ അത് നിരസിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. നടൻ കൈ നൽകാൻ തയാറല്ലെന്ന് മനസ്സിലാക്കിയ സരിഗ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ച ശേഷമാണ് വേദിയിൽ നിന്നും മടങ്ങിയത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഒരു പൊതുവേദിയിൽ വെച്ച് സഹപ്രവർത്തകയോട് കാണിക്കേണ്ട സാമാന്യ മര്യാദ ശങ്കർ കാണിച്ചില്ലെന്നും സരിഗയെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും വിമർശകർ കുറിക്കുന്നു.