Image Credit:X

Image Credit:X

വ്യക്തി ജീവിതത്തിലും കരിയറിലും ഭാര്യ ശാലിനിയുടെ പിന്തുണയും സ്നേഹവും ത്യാഗവും മറക്കാനാവില്ലെന്ന് സൂപ്പര്‍താരം അജിത്ത്. താന്‍ ശാലിനിയെ നന്നായി കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഒട്ടും എളുപ്പമായിട്ടുണ്ടാവില്ല തനിക്കൊപ്പമുള്ള ജീവിതമെന്നും അജിത്ത് പറയുന്നു. പക്ഷേ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഉറച്ച പിന്തുണയാണ് ശാലിനി നല്‍കിയത്. റേസിങിലായാലും അഭിനയത്തിലായാലും ശാലിനിയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ താന്‍ ഒന്നുമാകില്ലായിരുന്നുവെന്നും അദ്ദേഹം 'ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് താന്‍ എല്ലാം ചെയ്യാറുള്ളത്. റേസിങിലായാലും അങ്ങനെ തന്നെ. 19കാരന്‍ എങ്ങനെയാണോ കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത് അതേ പരിശ്രമമാണ് താന്‍ എടുക്കുന്നതെന്നും അജിത്ത് വെളിപ്പെടുത്തി. ഭാഗ്യവശാല്‍ ഏറ്റവും മികച്ച സംവിധായകര്‍ക്കൊപ്പവും നിര്‍മാതാക്കള്‍ക്കൊപ്പവും സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പവുമെല്ലാം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നും അവരില്‍ നിന്നെല്ലാം പഠിക്കാന്‍ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അല്‍പ സമയം ഒഴിവ് കിട്ടിയാല്‍ വീടിനുള്ളിലിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തിയ താരം, ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. പക്ഷേ സ്നേഹബാഹുല്യം പലപ്പോഴും കുടുംബവുമായി പുറത്തിറങ്ങാന്‍ പോലും തടസമാകാറുണ്ടെന്നും  മകനെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോലും കഴിയാറില്ലെന്നും അദ്ദേഹം പറയുന്നു. പ്രശസ്തിയും താരപരിവേഷവുമെല്ലാം ഏറ്റവും മികച്ച ജീവിത സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ ഇതുപോലെയുള്ള സ്വകാര്യ നിമിഷങ്ങള്‍ എന്നേക്കുമായി നഷ്ടപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു

സിനിമയിലെത്തിയ കാലത്ത് പേര് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടു. മാറ്റില്ലെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്നും തുടക്കകാലത്ത് ഭാഷ ഒരു പ്രശ്നമായിരുന്നു എന്നാല്‍ നിരന്തര പരിശ്രമത്തിലൂടെ താന്‍ അത് മറികടന്നുവെന്നും അജിത്ത് വ്യക്തമാക്കി.

ENGLISH SUMMARY:

Superstar Ajith Kumar, in an interview with The Hollywood Reporter India, openly credited his wife Shalini for his success in his acting and racing careers, acknowledging that his life with her was difficult and challenging. He stated that Shalini provided unwavering support despite the hardships. Ajith also spoke about maintaining his integrity, the challenge of his early career, and the difficulty of losing private family moments due to immense fan adoration and fame.