ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകൻ അബിഷൻ ജീവിന്ത് വിവാഹിതനായി. ദീർഘകാലത്തെ കാമുകിയായ അഖില ഇളങ്കോവനാണ് വധു. ചെന്നൈയിൽ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന് മുൻപ് തമിഴ് സിനിമാ രംഗത്തുള്ളവർ പങ്കെടുത്ത വിവാഹ സൽക്കാരം ചെന്നൈയിലെ ഗ്രീൻപാർക്ക് ഹോട്ടലിൽ നടന്നിരുന്നു.
ഏപ്രിലിൽ ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ റിലീസ് വേദിയിൽ അബിഷൻ നടത്തിയ വിവാഹാഭ്യർഥന വൈറലായിരുന്നു. സിനിമയെന്ന സ്വപ്നത്തിനുവേണ്ടി പരിശ്രമിക്കുമ്പോൾ നൽകിയ പിന്തുണയ്ക്കും ക്ഷമയ്ക്കും നന്ദി പറയുന്നു എന്നു പറഞ്ഞാണ് അബിഷൻ സംസാരിച്ചത്.
'സ്കൂൾ കാലഘട്ടം തൊട്ട് പരിചയമുള്ള ആളാണ്. ഒക്ടോബർ മാസം 31 ന് എന്നെ കല്യാണം കഴിക്കുമോ' എന്നാണ് അബിഷൻ അഖിലയോട് ചോദിക്കുന്നത്. കരഞ്ഞുകൊണ്ട് വാക്കുകൾ കേൾക്കുന്ന അഖിലയെയും വിഡിയോയിൽ കാണാം. താൻ നല്ലൊരു മനുഷ്യനായിരിക്കുന്നതിൽ അമ്മയ്ക്ക് എത്രത്തോളം പങ്കുണ്ടോ അത്രയും പങ്ക് അഖിലയ്ക്കും ഉണ്ടെന്നും അബിഷൻ വിഡിയോയിൽ പറയുന്നുണ്ട്.
നടന്മാരായ ശശികുമാർ, ശിവകാർത്തികേയൻ, എം.എസ്. ഭാസ്കർ, സിമ്രാൻ, രമേഷ് തിലക്, അനശ്വര രാജൻ, നിർമ്മാതാക്കളായ രാജശേഖർ കർപ്പുരസുന്ദരപാണ്ഡ്യൻ, സൗന്ദര്യ രജനികാന്ത്, മഹേഷ് രാജ് ബസിലിയൻ, അരുൺ വിശ്വ, ഷൈനീഷ് എന്നിവരടക്കം ചടങ്ങുകളിൽ പങ്കെടുത്തു.
അബിഷന്‍റെ ആദ്യ ചിത്രമായ ടൂറിസ്റ്റ് ഫാമിലി വലിയ ഹിറ്റായിരുന്നു. 14 കോടി രൂപ ചെലവാക്കിയ ചിത്രം 88.1 കോടി രൂപയാണ് നേടിയ കലക്ഷൻ. തമിഴ്നാട്ടിലേക്ക് സാഹസികമായി കുടിയേറുകയും, രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ശ്രീലങ്കൻ പൗരർ ആണെന്ന രഹസ്യം മറച്ചു വയ്ക്കുകയും ചെയ്യുന്ന കുടുംബത്തിന്റെ കഥയാണ് നർമ്മത്തിന്റെ മേമ്പൊടി കലർത്തി അബിഷൻ പറഞ്ഞത്.