മമ്മൂട്ടിക്ക് വേണ്ടി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിൽ ആയിരുന്നു വഴിപാട്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്‍റെ ഫോട്ടോ നൽകി സ്വീകരിച്ചു. നേരത്തെ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതും വാര്‍ത്തയായിരുന്നു.

കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്റര്‍ വടക്കു ഭാഗത്തുള്ള തളിപ്പറമ്പ് ടൗണിൽ നിന്ന് 3 കിലോ മീറ്റര്‍ ദൂരത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിൻകുടവും സമര്‍പ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പൊന്നിൻകുടം വച്ച് തൊഴുകയും ചെയ്തിരുന്നു. 2017ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും അമിത് ഷാ ദർശനത്തിന് ഇവിടെ എത്തിയിരുന്നു,

അമിത് ഷായെ കൂടാതെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും ക്ഷേത്രം ദര്‍ശനം നടത്തുകയും പൊന്നിൻകുടം വച്ച് തൊഴുകയും ചെയ്തിട്ടുണ്ട്. കൂടാതെ സിനിമാ രംഗത്തെ മറ്റ് പല പ്രമുഖരും ക്ഷേത്രം സന്ദർശിക്കാറുമുണ്ട്. 

ENGLISH SUMMARY:

A. Jayakumar, a resident of Thiruvananthapuram, performed the 'Ponninkudam Vazhipadu' (offering a pot of gold) at the Rajarajeshwara Temple in Taliparamba, Kannur, praying for actor Mammootty's health and prosperity. The temple, known for this significant ritual, has previously been visited by prominent figures including Amit Shah, Jayalalithaa, B.S. Yediyurappa, and N. Srinivasan.