ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആശാന്‍’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയ്ക്കുള്ളില്‍ നടക്കുന്ന ഒരു സിനിമാ ചിത്രീകരണത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘ആശാന്‍’. ഒരുകാലത്ത് കോമഡി വേഷങ്ങളിലേക്കു മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ്, അടുത്തകാലത്ത് ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ അഭിനയമുദ്രയാണ് പതിപ്പിക്കുന്നത്. ഇന്ദ്രന്‍സിന്റെ ഈ മാറ്റം നിറഞ്ഞ അഭിനയയാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. മുമ്പ് ബോഡി ഷെയിമിങ് റോളുകളില്‍ അഭിനയിച്ചിരുന്ന ഇന്ദ്രന്‍സ്, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ‘ഷെയിം’ ചെയ്യുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഇന്ദ്രന്‍സിന്റെ പല പുതിയ സിനിമകളും കണ്ടപ്പോൾ താൻ അമ്പരന്നുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആശാന്‍’ ട്രെയിലര്‍ ലോഞ്ചിനിടെ ഇന്ദ്രന്‍സിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഈ വാക്കുകള്‍.

'ഇന്ദ്രന്‍സ് എന്നെ കണ്ടിട്ട് ഒരക്ഷരം മിണ്ടിയില്ല. ചോദിച്ചോടോ  എന്ന ചോദ്യത്തിന് ഇന്ദ്രന്‍സ് ഇല്ലെന്ന് തലയാട്ടി. ആദ്യകാലത്തൊക്കെ ഇന്ദ്രന്‍സ് അഭിനയിച്ചത് ഒരു പ്രത്യേക ബോഡി ഷെയ്മിങ് റോളുകളിലാണ്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് പുള്ളി അഭിനയം കൊണ്ട് എല്ലാവരേയും ഷെയിം ആക്കിക്കൊണ്ടിരിക്കുവാ. അദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ട് അന്തം വിട്ടിരുന്നുപോയിട്ടുണ്ട്. എല്ലാ കുറവുകളും അദ്ദേഹത്തിന്‍റെ ക്വാളിറ്റികളായി മാറുകയാണ്. കുറേയേറെ സിനിമകള്‍ ഞാന്‍ ഇടക്കിടക്ക് കാണും,' മമ്മൂട്ടി പറ‍ഞ്ഞു. 

ഇതിനിടക്ക് ആ പമ്പ് സെറ്റ് സിനിമ ഓര്‍മയുണ്ടോ എന്ന മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഇന്ദ്രന്‍സ് പരിഭ്രമിച്ചു. പിന്നീട് ഓര്‍ത്തെടുത്ത് 'ജലധാര പമ്പ് സെറ്റ്' എന്ന് പറഞ്ഞു. അത് നിങ്ങളില്‍ എത്ര പേര് കണ്ടിട്ടുണ്ട് എന്നറിയില്ല, നല്ല രസമുള്ള സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു. പിന്നെ ഒരു സിനിമയുണ്ട്, 'കുട്ടന്‍റെ ഷിനിഗാമി'. എന്നാ കളിയാ അതില്‍ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? നിങ്ങളാരം വിശ്വസിക്കില്ല ഇങ്ങനെയുള്ള ഒരാളാണ് കാലനായി അഭിനയിക്കുന്നത്. അതും സ്വൂട്ടൊക്കെ ഇട്ട്, അത് നല്ല സിനിമയാണ്, ഇന്ദ്രസിനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി പറഞ്ഞു. 

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് ഫെബ്രുവരി 5 ന് തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ്. ജോമോൻ ജ്യോതിർ, ഷോബി തിലകന്‍, ബിബിൻ പെരുമ്പിള്ളി എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. 

ENGLISH SUMMARY:

Indrans' upcoming film 'Ashan' is set to release in theaters, with Mammootty praising the actor's transformative performances. Mammootty highlighted how Indrans has moved from body-shaming roles to impressing audiences with his diverse acting prowess.