രാജ്​കുമാര്‍ പെരിയസാമിയുടെ സംവിധാനത്തില്‍ ധനുഷ് നായകനാവുന്ന ചിത്രം 'ഓം ചാപ്റ്റര്‍ വണ്‍ ഉധിരം', ചിത്രത്തിലെ രണ്ടാമത്തെ ഗാനം 'വീഴാ വീരാ' റിലീസ് ചെയ്തിരിക്കുകയാണ്. ധനുഷിന്‍റെ ആക്ഷന്‍, മാസ് സ്റ്റില്ലുകളാല്‍ സമ്പന്നം, അതിനെ എലവേറ്റ് ചെയ്യുന്ന സായ് അഭ്യങ്കറിന്‍റെ ത്രസിപ്പിക്കുന്ന സംഗീതം.

പക്ഷേ പാട്ടിന്‍റെ പകുതി കഴിഞ്ഞപ്പോഴേക്കും വന്ന ഒരു എന്‍ട്രി, ആ പാട്ടിനെയൊന്നാകെ വിഴുങ്ങിയ 'സിയാ എന്‍ട്രി'. നാല് മിനിട്ടുള്ള പാട്ടില്‍ 30 സെക്കന്‍റ് തികച്ചില്ല മമ്മൂട്ടി. എന്നാല്‍ പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയ ഭരിച്ചത് ഈ 30 സെക്കന്‍റാണ്. ഓരോ ഫ്രെയിമും എടുത്തുവക്കാം. അത്രയും ഓറ. ഏതൊരു മമ്മൂട്ടി ആരാധകനും രോമാഞ്ചമുണ്ടാകുന്ന 30 സെക്കന്‍റുകളായിരുന്നു രാജ്കുമാര്‍ പെരിയസാമി ആ പാട്ടില്‍ ചെയ്​തുവച്ചത്.

മുന്‍പ് പുറത്തുവന്ന 'അലാക്കാ ലൂവാ' എന്ന പാട്ടിലെ 'സിയാ എന്‍ട്രി' പ്രേക്ഷകര്‍ മറക്കാനിടയില്ല, ഈ പാട്ടിലെ മമ്മൂട്ടിയുടെ എന്‍ട്രിയിലൂടെ സിനിമയുടെ ഹൈപ്പ് തന്നെ മാറിമറിഞ്ഞു. പിന്നീട് വന്ന 'ബര്‍മന്‍ കാര്‍ത്തികേയന്‍' എന്ന കഥാപാത്രത്തിന്‍റെ ഇന്‍ട്രോ ടീസറും ചര്‍ച്ചയായി. മമ്മൂട്ടിയെ പോലെ ഒരു താരത്തെ എങ്ങനെ അവതരിപ്പിക്കണമെന്ന് അക്ഷരാര്‍ഥത്തില്‍ കാണിച്ചുതരികയായിരുന്നു രാജ്​കുമാര്‍ പെരിയസാമി.

തന്‍റെ പ്രസന്‍സ് കൊണ്ട് ഒരു സിനിമയെ ആകെ എലവേറ്റ് ചെയ്യുന്ന നടന്‍. സ്ക്രീനില്‍ വന്നാല്‍ മറ്റാരേയും നിഷ്പ്രഭമാക്കുന്ന സ്ക്രീന്‍ പ്രസന്‍സ്. കാമിയോ ആണെങ്കിലും മള്‍ട്ടിസ്റ്റാര്‍ മൂവി ആണെങ്കിലും മറ്റുള്ളവരെ മമ്മൂട്ടി ഓവര്‍ഷാഡോ ചെയ്യുന്നത് ഇത് ആദ്യമായല്ല. 'നരസിംഹ'ത്തിലെ' നന്ദഗോപാല്‍ മാരാര്‍' മുതല്‍ ഇങ്ങ് 'രേഖാചിത്ര'ത്തിലെ എഐ വിന്‍റേജ് മമ്മൂട്ടിയും 'ലോക'യിലെ വെറും ശബ്ദസാന്നിധ്യവും വരെയുള്ള നിരവധി ഉദാഹരണങ്ങള്‍.

'ഓ'മിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ വിഡിയോ പുറത്തുവന്നപ്പോള്‍ 'ദളപതി'യിലെ ദേവരാജും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ദേവരാജും സൂര്യയും ചര്‍ച്ചക്കായി കലക്ടറെ കാണുന്ന ആ മീറ്റിങ് രംഗം ഒന്നുകൂടി സോഷ്യല്‍ മീഡിയ വാളുകള്‍ പ്രചരിച്ചു. കോപത്താല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റ രജനിയെ സൂര്യ എന്ന ഒറ്റവിളിയില്‍ പിടിച്ചുനിര്‍ത്തി, മേശയിലേക്ക് തന്‍റെ രണ്ട് കൈകളും ഉറപ്പിച്ചുവച്ച്, കൃത്യമായ ആധിപത്യ സ്വഭാവത്തില്‍ ഒരു നില്‍പ്പ്, പിന്നാലെ വന്ന ഒരൊറ്റ വാക്ക് — 'മുടിയാത്'. ആ മുടിയാത് എന്ന വാക്കിന്മേല്‍ പിന്നീട് വന്ന എഡിറ്റുകള്‍ക്ക് കണക്കില്ല. മുപ്പത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും ആ രംഗം ചർച്ചയാകുന്നതിന്റെ കാരണം എന്താണ്? ശരീരഭാഷകൊണ്ടും നോട്ടംകൊണ്ടും നിശ്ശബ്ദതകൊണ്ടുപോലും ഒരു കഥാപാത്രത്തെ പ്രേക്ഷകമനസ്സിൽ പതിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നു.

ദളപതി പോലെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം മമ്മൂട്ടിയുടേതായി വീണ്ടും തമിഴില്‍ റിലീസിനൊരുങ്ങുകയാണ്. ഇതുവരെ പുറത്തുവന്ന ടീസറിലും പാട്ടുകളിലും മമ്മൂട്ടിയുടെ കമാന്‍ഡിങ് സ്ക്രീന്‍ പ്രസന്‍സ് വ്യക്തം. നവംബര്‍ 20നാണ് 'ഓം' റിലീസ്. ഇത്തവണ തമിഴ് സ്ക്രീനിൽ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന ഓളം എത്ര വലുതായിരിക്കും? കാത്തിരിക്കാം

ENGLISH SUMMARY:

The release of the second song, "Veezha Veera," from the Rajkumar Periyasamy directorial Om chanpter one udhiram, has sparked massive social media buzz due to a stunning 30-second by megastar Mammootty. Aptly dubbed the "Siya Entry," Mammootty's powerful screen presence completely stole the spotlight, echoing the immense hype generated by his previous appearance in the "Alakka Luva" track and the "Burman Karthikeyan" character teaser. The article examines Mammootty’s legendary ability to overshadow co-stars and elevate multi-star projects—ranging from Nandagopal Marar in Narasimham to his iconic Devaraj role in Mani Ratnam's Dalapathi alongside Rajinikanth—building anticipation for the film's theatrical release on November 20.