Image Credit: https://www.instagram.com/ajmal_amir/?hl=en

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. ക്ഷമയും സമാധാനവുമാണ് തന്‍റെ ശക്തിയെന്ന് തെളിയുന്ന കുറിപ്പാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടി അവര്‍ തന്‍റെ പേര് ഉപയോഗിക്കട്ടേയെന്നും വിവാദങ്ങളില്‍ തളരാതെ മുന്നോട്ട് പോകുമെന്നും അജ്മല്‍ അമീര്‍ പറയുന്നു. 

അജ്മല്‍ അമീര്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: 'അവര്‍ പറയട്ടെ, അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, നിങ്ങളെ അപമാനിക്കട്ടെ, വഞ്ചിക്കട്ടെ, തകർക്കാൻ ശ്രമിക്കട്ടെ. എന്നിരുന്നാലും, ക്ഷമിക്കുക. കാരണം നിങ്ങളുടെ ശാന്തതയാണ് നിങ്ങളുടെ ശക്തി. ശ്രദ്ധ നേടാന്‍ അവര്‍ ശ്രമിക്കുന്നതിലൂടെ നിങ്ങളുടെ കരുത്ത് വെളിപ്പെടുക മാത്രമേ ചെയ്യുകയുളളൂ. അവർ വരുത്തുന്ന ഓരോ മുറിവും നിങ്ങളുടെ വിവേകത്തെ വളര്‍ത്തുകയേ ഉളളൂ. ഓരോ അവസാനവും ഒരു പുതിയ തുടക്കമാകും. വീണ്ടും ഉയിർത്തെഴുന്നേൽക്കുക, കൂടുതൽ ശക്തനായും, തിരിച്ചറിവുള്ളവനായും, അജയ്യനായും മാറുക' അജ്മല്‍ അമീര്‍ കുറിച്ചു. 

ലൈംഗിക ആരോപണങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് അജ്മല്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികരണവുമായി രംഗത്തെത്തിത്തുടങ്ങിയത്. അജ്മലിന്‍റേതെന്ന രീതിയില്‍ പ്രചരിച്ച ഒരു ഓഡിയോയാണ് വിവാദങ്ങള്‍ തുടക്കം കുറിച്ചത്. ഒരു പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ നടന്‍ അജ്മല്‍ അമീര്‍ സംസാരിക്കുന്നു എന്ന തരത്തിലാണ് ഓഡിയോ പ്രചരിച്ചത്. എന്നാല്‍ ഓഡിയോ വ്യാപകമായി പ്രചരിച്ചതോടെ അജ്മലിനെതിരെ കൂടുതല്‍ ആരോപണങ്ങളും ഉയര്‍ന്നുവന്നു. നിരവധി പെണ്‍കുട്ടികളാണ് അജ്മലില്‍ നിന്നും സമാന അനുഭവം തനിക്ക്, അല്ലെങ്കില്‍ തന്‍റെ സുഹൃത്തുക്കള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കമന്‍റുകളിലൂടെ വെളിപ്പെടുത്തിയത്. വിവാദം കനത്തതോടെ നടന്‍ അജ്മല്‍ അമീര്‍ തന്നെ തന്‍റെ ഭാഗം വിശദീകരിക്കുന്ന വിഡിയോയുമായി രംഗത്തെത്തി.

പുറത്തുവന്ന ഓഡിയോ തന്‍റേതല്ലെന്നും തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നുമായിരുന്നു അജ്മലിന്‍റെ പ്രതികരണം. അതേസമയം അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെയും നിരവധി പെൺകുട്ടികള്‍ ആരോപണവുമായി എത്തി.  അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി നിരവധി പേര്‍ കമന്റ് ചെയ്​ത‍ു. അജ്മൽ വിഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ വെളിപ്പെടുത്തി. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസേജുകൾ അയച്ചതായും തെളിവ് സഹിതം കയ്യിലുണ്ടെന്നും ചിലര്‍ വിഡിയോയ്ക്ക് താഴെ കുറിച്ചു. നടി റോഷ്ന ആൻ റോയിയും നടനെതിരെ രംഗത്തെത്തിയിരുന്നു. അജ്മൽ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ആണ് റോഷ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഇതിനെല്ലാമുളള മറുപടിയാണ് അജ്മല്‍ അമീറിന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പെന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ കണ്ടെത്തല്‍. 

ENGLISH SUMMARY:

Ajmal Ameer responds to sexual allegations. He shared a note on Instagram emphasizing that his strength lies in forgiveness and peace, stating he will move forward undeterred by controversies.