നടൻ അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദത്തില്‍ പുതിയ തെളിവുമായി ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്‌ന ആൻ റോയ് രംഗത്ത്. അജ്മൽ തനിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് റോഷ്‌ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമ്മിതമാണെന്ന അജ്മലിന്റെ വിശദീകരണ വിഡിയോയ്ക്കൊപ്പമാണ് നടൻ അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് റോഷ്‌ന പങ്കുവച്ചിരിക്കുന്നത്.
‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് നടി പങ്കുവച്ച സ്ക്രീൻഷോട്ടിൽ ഉള്ളത്. ‘എത്ര നല്ല വെള്ളപൂശൽ, ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്, എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്‌ന ആൻ റോയ് കുറിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും എഐ നിര്‍മ്മിതമാണെന്നും അജ്മൽ അമീർ അവകാശപ്പെട്ടിരുന്നു.
അതേസമയം അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധി യുവതികളാണ് നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായും, വിഡിയോ കോളുകൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിലുണ്ട്. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസേജുകൾ അയച്ചതായും തെളിവുകള്‍ കയ്യിലുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അജ്മൽ അമീറിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നത്.