കോമഡി ഷോകളിലൂടെ വളര്‍ന്ന് സിനിമയിടക്കം സജീവമായ താരമാണ് ഉല്ലാസ് പന്തളം. മിനി സ്ക്രീനില്‍ നിറഞ്ഞു നിന്ന ഉല്ലാസിനെ സ്ക്രീനില്‍ കണ്ടിട്ട് കുറച്ചു നാളായി. ഈയിടെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് ഉല്ലാസ് പന്തളം വീണ്ടുമെത്തിയത്. ആരോഗ്യ സ്ഥിതി മോശമായ ഉല്ലാസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
വാക്കിങ് സ്റ്റിക്കിലൂന്നിയായിരുന്നു ഉല്ലാസ് നടന്നത്. മുഖത്തിന്‍റെ ഒരു ഭാഗം കോടിയ അവസ്ഥയിലായിരുന്നു. ശബ്ദമുയര്‍ത്തി വ്യക്തതയോടെ സംസാരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല. ആരാധകരെ നിരാശരാക്കിയ ആ കാഴ്ചയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി തുറന്നു പറയുകയാണ് ഉല്ലാസ് പന്തളം.
തനിക്ക് സ്ട്രോക്ക് വന്നതാണെന്ന് ഉല്ലാസ് പറയുന്നു. ''കഴിഞ്ഞ ഏപ്രിലില്‍, ഈസറ്റര്‍ ദിനത്തിലാണ് സ്ട്രോക്ക് ഉണ്ടായത്. ഇടത് കാലിനും ഇടത് കൈക്കും സ്വാധീനകുറവുണ്ട്. ഇതാണ് ചാനലുകളില്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കാത്തത്. രഹസ്യമാക്കി വച്ചിരുന്ന കാര്യമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ അനാവശ്യ കമന്‍റ് വരുമെന്നതിനാലാണ് മാറി നിന്നത്. ഈയിടെ ലക്ഷ്മി നക്ഷത്ര ഒരു കടയുള്ള ഉദ്ഘാടനത്തിന് ക്ഷണിച്ചു. അങ്ങനെയാണ് രോഗാവസ്ഥ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. സ്നേഹമുള്ളവര്‍ വിളിക്കുന്നുണ്ട്. പിന്തുണയുണ്ട്. ചില നെഗറ്റീവ് കമന്‍റുണ്ട്. അത് പരിഗണിക്കുന്നില്ല. തിരിച്ചുവരാനുള്ള ചികിത്സയും പരിശീലനത്തിലുമാണ്''എന്നാണ് ഉല്ലാസ് പന്തളം പറയുന്നത്.