നടനും അഭിഭാഷകനുമായ സി. ഷുക്കൂറിന് സ്ട്രോക്കാണെന്ന് കഴിഞ്ഞ ദിവസമാണ് സഹോദരന്‍ വെളിപ്പെടുത്തിയത്. പിന്നാലെ തന്‍റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലുണ്ടായ പ്രചാരണങ്ങളില്‍ ഷുക്കൂർ തന്നെ പ്രതികരണം നടത്തി. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നുവെന്നും ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഷുക്കൂര്‍ ഫെയ്സബുക്കില്‍ കുറിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം 30 ദിവസം പൂര്‍ണ വിശ്രമത്തിലാണെന്നും അദ്ദേഹം എഴുതി. 

കഴിഞ്ഞദിവസം, സഹോദരൻ മുനീർ അൽവഫയാണ് ഷുക്കൂറിനെ സ്‌ട്രോക്കിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പങ്കുവെച്ചത്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നുമാണ് മുനീറിന്റെ പോസ്റ്റ്.  ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു  എന്നും പോസ്റ്റിലുണ്ടായിരുന്നു. 

രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ. പാതിരാത്രി എന്ന സിനിമയിലും താരം ഒരു വേഷം ചെയ്തിരുന്നു. ഭാവന നായികയാകുന്ന ‘അനോമി’യാണ് അദ്ദേഹത്തിന്റെ പുതിയ റിലീസ്.

ഷുക്കൂറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം,

 

എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു.

 

കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു.

 

2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.  സർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

 

ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും  ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

ENGLISH SUMMARY:

C. Shukkoor health update details his current condition after reports of a stroke. He has clarified on social media that he experienced physical discomfort related to blood pressure and is currently recovering well, requiring 30 days of complete rest.