നടനും റേസിങ് താരവുമായ അജിത് കുമാര്‍ ആരാധകരെ നിയന്ത്രിക്കുന്ന വിഡിയോ വൈറലാകുന്നു. തന്നെ കാണാനായി തടിച്ചുകൂടിയ ആരാധകരെയാണ് ഒരേയൊരു എക്സ്പ്രഷനിലൂടെ താരം നിയന്ത്രിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിങ് മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും നേരത്തേ പുറത്തുവന്നിരുന്നു. ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മത്സരം കൂടിയായിരുന്നു ഇത്. സ്പെയിനിലെ റേസിങ് സര്‍ക്യൂട്ടിലെത്തിയ അജിത്തിനെ കണ്ടതോടെ ആരാധകര്‍ ആവേശത്തോടെ ശബ്ദമുയര്‍ത്തി. ചിരിച്ചുകൊണ്ട് അജിത് കൈ ഉയര്‍ത്തി കാണിച്ചു. പിന്നാലെ കൂട്ടത്തിലൊരാള്‍ ഉച്ചത്തില്‍ വിസിലടിച്ചു. ഇത് കേട്ടതോടെ കൈകൊണ്ട് ഇത്തരം രീതി വേണ്ടെന്നും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കരുതെന്നും താക്കീത് ചെയ്തു. അച്ചടക്കം പാലിക്കണമെന്നാണ് താരം ആംഗ്യത്തിലൂടെ കാണിച്ചത്.
പൊതുപരിപാടികളില്‍ എങ്ങനെ പെരുമാറണമെന്ന ബോധ്യമുള്ളതുകൊണ്ടാണ് അജിത് ആരാധകനെ വിലക്കിയതെന്നാണ് സോഷ്യല്‍ ഉപയോക്താക്കള്‍ പറയുന്നത്. ആരാധകരെ നിയന്ത്രിച്ചതിന് നിരവധി അഭിനന്ദനവാക്കുകളും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയാണ് അജിത്ത് ഇപ്പോള്‍. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് അജിത്ത് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള അപ്‍ഡേഷന്‍സൊന്നും നിലവില്‍ പുറത്തുവന്നിട്ടില്ല.