ഹാൽ സിനിമ സെൻസറിങ് വിവാദത്തിൽ രൂക്ഷമായ പ്രതികരണവുമായി സിനിമ നിർമാതാക്കളുടെ സംഘടന . സെൻസർ ബോർഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്നും എവിടെ കത്രിക വയ്ക്കണമെന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുകയാണെന്നും അസോസിയേഷൻ ജനറൽസെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഉദ്ദേശിക്കുന്ന വിഷയം സിനിമയ്ക്ക് പറയാൻ കഴിയുന്നില്ല. ഇവിടത്തെ സിനിമയുമായി ബന്ധമില്ലാത്തവരാണ് മുംബൈ സെൻസർ ബോർഡിലുള്ളത്. സിനിമയെ സിനിമയായി കാണാൻ മനസുണ്ടാകണമെന്നും ലിസ്റ്റിൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം സിനിമയിൽ വേണ്ടെന്ന വിചിത്ര നിർദ്ദേശവുമായി സെൻസർ ബോർഡ് രംഗത്തെത്തിയത്. ഷെയിൻ നിഗം നായകനായ ഹാൽ സിനിമയിലാണ് സെൻസർ ബോർഡിന്റെ ഇടപെടൽ. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. നടപടിക്കെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ട്രോൾ വാചകങ്ങളിൽ കത്രിക വെക്കാനാണ് ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സെൻസർ ബോർഡ് നൽകിയ നിർദ്ദേശം. ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട് എന്നീ വാക്കുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം. സുൽത്താൻ ബത്തേരിയെ ഗണപതിവട്ടം എന്ന് വിശേഷിപ്പിക്കരുത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നിങ്ങനെ ഇരുപതോളം മാറ്റങ്ങളാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. മാറ്റങ്ങൾ വരുത്തിയാലും സിനിമയ്ക്ക് A സർട്ടിഫിക്കറ്റേ നൽകൂവെന്നും സെൻസർ ബോർഡ്.
ജെ.എസ്.കെ സിനിമയുടെ പേര് മാറ്റണമെന്ന് അടക്കമുള്ള സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ നേരത്തെ വിവാദമായിരുന്നു. ഒടുവിൽ ബോർഡിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് സിനിമ പുറത്തിറങ്ങിയത്. എന്നാൽ ഒരുതരത്തിലും കോംപ്രമൈസ് ചെയ്യില്ലെന്നാണ് ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിനോട് ജസ്റ്റിസ് എൻ.നഗരേഷ് വിശദീകരണം തേടി.