an-shamseer-sabha

സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എന്‍.ഷംസീര്‍. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ലെന്നും പൊലീസ് ബാരിക്കേഡ് ചാടിക്കിടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും പ്രതിഷേധത്തെ അപലപിച്ച് ഷംസീര്‍ പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് മടിയില്ലെന്നും ഷംസീര്‍ വ്യക്തമാക്കി. സ്വര്‍ണക്കൊളളയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഭരണപക്ഷം പറഞ്ഞിട്ടും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു.

ഇന്നലെയാണ് സഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി എംഎല്‍എമാരായ അന്‍വര്‍ സാദത്തും മാത്യു കുഴല്‍നാടനും പ്രതിഷേധിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ചായിരുന്നു പ്രതിഷേധം. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ആദ്യം പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷ അംഗങ്ങളും സീറ്റ് വിട്ട് മുന്‍നിരയിലേക്ക് നീങ്ങി. ഇതോടെ സഭയില്‍ വന്‍ബഹളമായി. പിന്നാലെയാണ് സ്പീക്കറുടെ ഡയസില്‍ കയറി എംഎല്‍എമാരായ അന്‍വര്‍സാദത്തും മാത്യു കുഴല്‍നാടനും പ്രതിഷേധിച്ചത്. ഇതോടെ ഇന്നലെ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുപോകുകയായിരുന്നു.

അതേസമയം, ഇന്നും ശബരിമല സ്വര്‍ണക്കൊളളയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു പോലെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ ഒത്തുകൂടിയ ശേഷം പ്രതിഷേധവുമായാണ് സഭയ്ക്ക് അകത്തേയ്ക്ക് എത്തിയത്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലംവിഴുങ്ങികള്‍ എന്ന ബാനറുമായിട്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. മുന്‍ ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രനെതിരെ പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. 

ENGLISH SUMMARY:

Kerala Assembly Speaker A.N. Shamseer strongly condemned the recent unruly protests by UDF MLAs, where legislators Anwar Sadat and Mathew Kuzhalnadan stormed the Speaker's dais. Shamseer remarked that jumping onto the dais is equivalent to jumping police barricades and does not suit democratic decorum. The protest erupted over the Sabarimala gold theft case, with the opposition demanding the resignation of Devaswom Minister V.N. Vasavan.