കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിർമാതാവും ആലിയ ഭട്ടിന്‍റെ പിതാവുമായ മഹേഷ് ഭട്ട്. ഒരു വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകവേ ഒരു കൂട്ടം ആൺകുട്ടികൾ തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയുണ്ടായെന്ന് അദ്ദേഹം വെളിപ്പെടുത്തി. മകളും ചലച്ചിത്ര നിർമ്മാതാവുമായ പൂജ ഭട്ട് അവതാരകയായ 'ദി പൂജ ഭട്ട് ഷോ'യിൽ പങ്കെടുക്കുന്നതിനിടെയാണ് മഹേഷ് ഭട്ടിന്‍റെ വെളിപ്പെടുത്തല്‍.
കുട്ടിക്കാലത്തെ അനുഭവത്തെ കുറിച്ച് മഹേഷ് ഭട്ട് പറയുന്നതിങ്ങനെ...
‘പെട്ടെന്ന്, നാല് മുതിര്‍ന്ന ആൺകുട്ടികൾ എന്നെ വഴിയിൽ തടഞ്ഞു. അവർ എന്നെ ബലമായി പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ദൈവങ്ങളോട് പ്രാര്‍ഥിച്ചു. എന്നാല്‍ ദൈവങ്ങൾ നിശബ്ദരായിരുന്നു. രക്ഷപ്പെടുത്താന്‍ ആരും വരില്ലെന്ന് ഞാന്‍ മനസിലാക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. സ്ഥിതി പെട്ടെന്ന് വഷളായി. രക്ഷപ്പെടണമെങ്കില്‍ സ്വയം പരിശ്രമിക്കണമെന്ന് എനിക്ക് മനസിലായി. എന്നെ വിടാന്‍ ഞാന്‍ യാചിച്ചു. ഏതെങ്കിലും വഴിയാത്രക്കാരൻ അവരില്‍ നിന്ന് എന്നെ രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഉണ്ടായില്ല.
അവന്‍റെ പാന്‍റ്സ് അഴിച്ചെടുക്കൂ, അവരിൽ ഒരാൾ പറഞ്ഞു. ആ കുട്ടി മുന്നോട്ട് വന്ന് എന്‍റെ പാന്‍റ്സ് അഴിക്കാന്‍ ആരംഭിച്ചു. ഞാൻ അരുതെന്ന് അപേക്ഷിച്ചു. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്? എന്ന് ചോദിച്ച് കരഞ്ഞു. 'നീ ഞങ്ങളിൽ ഒരാളാണോ എന്ന് ഞങ്ങൾക്ക് അറിയണം. നിന്‍റെ അമ്മ ഒരു മുസ്‌ലീമാണ്. അപ്പോള്‍ നിന്‍റെ പേര് മഹേഷ് എന്നെങ്ങിനെയാകും? അവര്‍ പറഞ്ഞു. ഞാൻ ആകെ തളർന്നുപോയി. കരയാൻ തുടങ്ങി’
സംഭവം പിതാവിനോട് പറയുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ പരിഹസിച്ചു. പിതാവ് ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. നിന്‍റെ വീട്ടിലാണോ? സത്യം പറയൂ, എന്നാല്‍ നിന്നെ പോകാൻ അനുവദിക്കാം അവര്‍ പറഞ്ഞു. എന്‍റെ ശബ്ദം ഇടറി. അദ്ദേഹം ഞങ്ങളോടൊപ്പം താമസിക്കുന്നുണ്ടെന്നും ഔട്ട്ഡോർ ഷൂട്ടിങിന് പോയിരിക്കുകയാണെന്നും സത്യം ചെയ്തു.
പിന്നെ എന്തോ ഒന്ന് എന്നിൽ മിന്നിമറഞ്ഞു. അവരുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ധൈര്യത്തോടെ പറഞ്ഞു. എന്‍റെ അച്ഛൻ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല. അദ്ദേഹം അദ്ദേഹത്തിന്‍റെ ഭാര്യയോടൊപ്പം അന്ധേരിയിലാണ് താമസിക്കുന്നത്. ഞാന്‍ പറഞ്ഞു. അന്തരീക്ഷം മാറി, അവരുടെ എന്‍റെ മേലുള്ള പിടി അയഞ്ഞു, എന്നോട് പോകാൻ ആംഗ്യം കാണിച്ചു’
ആ സംഭവം തന്‍റെ മനസിലും ജീവിതത്തിലും എന്നന്നേക്കുമായി ഒരു മുറിവ് അവശേഷിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിലെ തികച്ചും വ്യക്തിപരവും രഹസ്യവുമായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് അമ്മയുമായും സഹോദരങ്ങളുമായുമുള്ള ബന്ധങ്ങൾ വഷളാകുന്നതിലേക്ക് നയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അമ്മ തന്നെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തിയതായും അദ്ദേഹം പറഞ്ഞു.