mammootty-basil

TOPICS COVERED

കുടംബത്തിനൊപ്പം മമ്മൂട്ടിയെ സന്ദര്‍ശിച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഭാര്യ എലിസബേത്ത് സാമുവലിനും മകള്‍ ഹോപ്പിനുമൊപ്പമാണ് താരം മമ്മൂട്ടിയെ സന്ദര്‍ശിച്ചത്. മകള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ബേസില്‍ സമൂഹമാധ്യമം വഴി പങ്കുവച്ചു. ഒപ്പം ഹൃദ്യമായ ഒരു കുറിപ്പുമുണ്ടായിരുന്നു. മകള്‍ക്കൊപ്പം അദ്ദേഹം തന്നെ ചിത്രമെടുത്തുവെന്നും നിധി പോലെ ഒരു വൈകുന്നേരം നല്‍കിയതിന് നന്ദിയെന്നും ബേസില്‍ കുറിച്ചു. മമ്മൂട്ടിയുടെ 'നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന ചിത്രത്തില്‍ 'മേലെ മേലെ മാനം' എന്ന പാട്ടും പോസ്റ്റിനൊപ്പം ബേസില്‍ പങ്കുവച്ചിരുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇതിഹാസത്തിനൊപ്പം ഒരു വൈകുന്നേരം ചിലവഴിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഞങ്ങളുടെ കുടുംബം എന്നെന്നേക്കുമായി വിലമതിക്കുന്ന ഒരു നിമിഷമാവും ഇത്. എന്‍റെ മകള്‍ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ചോദിച്ചു, പേരെന്താ? അദ്ദേഹം ചിരിച്ചു, എന്നിട്ട് പറഞ്ഞു, മമ്മൂട്ടി. ആ വിനീതമായ മറുപടി ഒരു ജീവിതകാലത്തേക്കുള്ള ഓർമ്മയായി ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. 

അദ്ദേഹം സ്വന്തം ക്യാമറയില്‍ ഹോപ്പിക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുത്തു. ഹോപ്പിയും മമ്മൂക്കയും ഒരുപാട് സെല്‍ഫികളും എടുത്തു. കുറച്ച് മണിക്കൂറത്തേക്കെങ്കിലും അദ്ദേഹം ഈ ലോകത്തിന് ആരാണെന്നുള്ളത് മറന്ന് ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നത് പോലെ തോന്നിപ്പിച്ചു. ആ കരുതല്‍ വാക്കുകള്‍ക്കുമപ്പുറമാണ്. 

ഹൃദയത്തില്‍ നിന്നും നന്ദി മമ്മൂക്ക, ആ കരുതലിനും സ്നേഹത്തിനും, ഒപ്പം നിധി പോലെ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള ഒരു വൈകുന്നേരത്തിനും

ENGLISH SUMMARY:

Basil Joseph visits Mammootty with his family. This heartwarming visit and the precious moments captured will be cherished by the family forever.