k-rafeeq-mammootty-2

വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. രണ്ടുതവണ വിളിച്ചെന്ന് കെ.റഫീഖ് പറഞ്ഞു. വീഡിയോ കോളിലൂടെയും സംസാരിച്ചു. അപമാനിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും റഫീഖ് അറിയിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. 

ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ച ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറയുകയായിരുന്നു. ‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’ എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തിരുന്നു.

അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റുമായി സി.പി.എം.വയനാട് ജില്ലാ സെക്രട്ടറി രംഗത്തെത്തി. മമ്മൂട്ടി മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കെ.റഫീഖ്. മമ്മൂട്ടിക്ക് തിരക്കില്‍ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതി ഇടപ്പെട്ടതാണ്. തന്റെ ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി വിളിച്ച് തന്നോട് സംസാരിച്ചെന്നും റഫീഖ് വ്യക്തമാക്കി.

റഫീഖ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് പൂര്‍ണരൂപം

മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാ​​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം  എന്നതാണ് അദ്ദേഹം  സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ടൗൺഷിപ്പ് സന്ദർശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർത്ഥിക്കാനുള്ളത്. 

മലയാളിയുടെ പ്രിയപ്പെട്ട നടനായി  എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളത്. 

ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം.

കെ റഫീഖ്

ENGLISH SUMMARY:

Malayalam superstar Mammootty contacted CPM Wayanad district secretary K. Rafiq following the controversy that erupted during his visit to Wayanad township. Rafiq revealed that the actor called him twice and even spoke through a video call to clarify the situation. Mammootty reportedly explained that his actions were never meant to insult anyone. The incident had earlier triggered strong cyber attacks against the actor on social media.