ഇടവേളയ്ക്കുശേഷം മമ്മുട്ടി സിനിമാ സെറ്റിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ മറ്റന്നാള്‍ ആരംഭിക്കും. ഫെയ്സ്ബുക്കിൽ നിര്‍മാതാവ് ആന്റോ ജോസഫാണ് വിവരം പങ്കുവച്ചത്. ‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു, പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടായിരുന്നു ആന്റോ ജോസഫിന്റെ കുറിപ്പ്. മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.