ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിക്ക് ലോക്സഭയിൽ പ്രസംഗിക്കാനായില്ല. പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. മുൻ കരസേന മേധാവിയുടെ പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തിയത്. പ്രധാനമന്ത്രി ഇന്ന് സഭയിൽ വന്നില്ല. വെകീട്ട് 5 മണിക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടി പറയും എന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കാത്ത വിഷയത്തിൽ രാജ്യസഭയും പ്രക്ഷുബ്ധമായി. എം.എം.നരവാനെയുടെ പുസ്തകം ഉദ്ധരിക്കാൻ മല്ലികാർജുൻ ഖർഗെയെ രാജ്യസഭാധ്യക്ഷൻ അനുവദിച്ചില്ല. നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി. ചൈനയെക്കുറിച്ച് സംസാരിക്കാനേ പാടില്ല എന്നാണോ കേന്ദ്രസർക്കാർ നിലപാട് എന്ന് മല്ലികാർജുൻ ഖർഗെ ചോദിച്ചു.
ചട്ടങ്ങൾക്ക് പുറത്ത് സംസാരിക്കാൻ ശ്രമിച്ചത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ വിലക്കിയതെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. വിവരമില്ലാത്ത കുട്ടിയുടെ തടവിലാവരുത് പ്രതിപക്ഷമെന്ന് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് ജെ.പി.നഡ്ഡ വിമർശിച്ചു. എന്നാൽ, പ്രതിപക്ഷനേതാവിന്റെ സ്ഥാനം പ്രധാനമാണെന്നും രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്നും സിപിഎം അംഗം ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.