ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ‘The Ba***ds of Bollywood’ എന്ന വെബ് സീരീസിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് പരാതിയുമായി മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. ഡൽഹി ഹൈക്കോടതിയിലാണ് നടൻ ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും നെറ്റ്ഫ്ലിക്സിനും എതിരെ സമീർ വാങ്കഡെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദുരുദ്ദേശ്യപരവും അപകീർത്തികരവും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. രണ്ട് കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കാൻസർ രോഗികൾക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു.
ആര്യൻ ഖാൻ സംവിധാനം ചെയ്ത പുതിയ സീരീസിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണ് വാങ്കഡെ കേസ് നൽകിയിരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്തുകയും ലഹരി മരുന്ന് വിരുദ്ധ ഏജൻസികളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നു അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം നശിപ്പിക്കുന്നുമെന്നുമാണ് വാങ്കഡെയുടെ വാദം. ദേശീയ ചിഹ്നത്തിന്റെ ഭാഗമായ ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യം ചൊല്ലിയ ശേഷം നടുവിരൽ കാണിക്കുന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ചിത്രീകരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു അവകാശപ്പെട്ടു. ഗുരുതരവും സെൻസിറ്റീവുമാണ് ഈ പ്രവൃത്തിക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പരമ്പരയുടെ ഉള്ളടക്കം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെയും ഭാരതീയ ന്യായ സംഹിതയുടെയും (ബിഎൻഎസ്) വിവിധ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
2021ൽ ആര്യൻ ഖാനെ മയക്കുമരുന്നുകേസിൽ കുടുക്കിയെന്ന ആരോപണം നേരിടുന്നയാള്‍ കൂടിയാണ് സമീർ വാങ്കഡെ. കേസില്‍ 2022 ൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് 2023 ൽ വാങ്കഡെയെ മാറ്റുകയും ചെയ്തിരുന്നു. സിബിഐയുടെ അഴിമതിക്കേസിലും വാങ്കഡെ പ്രതിയാണ്. കേസ് ബോംബെ ഹൈക്കോടതിയിലും മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതിയിലും പരിഗണനയിലിരിക്കുമ്പോൾ പരമ്പര മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താന്‍ നടപ്പിലാക്കിയതാണെന്ന് ഹർജിയിൽ പറയുന്നു.
അതേസമയം, കേസില്‍ വാദം കേട്ട ഹൈക്കോടതി ഹർജിയുടെ നിലനിൽപ്പില്‍ ആശങ്ക പ്രകടിപ്പിച്ചു. ഹർജി ഡൽഹിയിൽ എങ്ങനെ നിലനിൽക്കുമെന്നും നടപടിയെടുക്കാനുള്ള കാരണം ഉണ്ടോ എന്നുമാണ് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വാങ്കഡെയോട് ചോദിച്ചത്. മറുപടിയായി ഡൽഹിയിലെ ആളുകള്‍ ഇത് കാണുന്നുണ്ട്. ഇത് വാങ്കഡയെ കുറിച്ചുള്ള അപകീര്‍ത്തിപകമായ ഉള്ളടക്കം ആളുകളിലേക്ക് പ്രചരിപ്പിക്കുന്നുവെന്നും വാങ്കഡെയുടെ അഭിഭാഷകൻ സന്ദീപ് സേത്തി കോടതിയെ അറിയിച്ചു. കേസില്‍ ഡൽഹിയിൽ നടപടി ആവശ്യപ്പെട്തിനുള്ള കാരണം വ്യക്തമാക്കി ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി വാങ്കഡെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.