Image Credit: facebook.com/Mammootty
പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ചിത്രം പങ്കുവച്ച് സൂപ്പര്‍താരം മമ്മൂട്ടി. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് താരം സ്നേഹത്തിന് നന്ദി പറഞ്ഞത്. 'എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും' എന്നാണ് കുറിപ്പ്.
മന്ത്രി ഗണേഷ് കുമാറുള്‍പ്പടെ നിരവധിപ്പേരാണ് ചിത്രത്തിന് ചുവടെ കമന്‍റില്‍ സ്നേഹം അറിയിച്ചിരിക്കുന്നത്. ഒരായിരം പിറന്നാള്‍ ആശംസകളെന്ന് മന്ത്രിയുടെ ഒഫിഷ്യല്‍ പേജില്‍ നിന്നും കമന്‍റുള്ളപ്പോള്‍, ഒരു കാലം ഒരൊറ്റ മമ്മൂക്ക എന്നാണ് ആരാധകര്‍ കുറിക്കുന്നത്. മടങ്ങിവരവിനായി നാടൊന്നാകെ കാത്തിരിക്കുകയാണെന്നും ആരാധകര്‍ സ്നേഹം ചൊരിയുന്നു.
താരം വീട്ടില്‍ ഇല്ലെങ്കിലും കൊച്ചി എളംകുളത്തെ വീടിന് മുന്നില്‍ ഇന്നലെ അര്‍ധരാത്രി ആരാധകര്‍ ആഘോഷം കളറാക്കിയിരുന്നു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.
കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ സിനിമ പോലെയാണ് മമ്മട്ടിയെന്നും നൂറു കാരണങ്ങള്‍ ആളുകള്‍ക്ക് അത് ഇഷ്ടപ്പെടാന്‍ ഉണ്ടാകുമെന്നും രമേഷ് പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. അത് കാലത്തെ അതിജീവിക്കുമെന്നും എവിടെ എപ്പോഴാണെങ്കിലും വീണ്ടും വീണ്ടും കാണുമെന്നും കണ്ടവര്‍ കാണാത്തവരോട് അതേക്കുറിച്ച് വാചാലരാകുമെന്നും ചെറിയ ഇടവേളയുണ്ടാകാമെങ്കിലും അതിഗംഭീരമായി മുന്നോട്ട് പോകുമെന്നും കരഞ്ഞും ചിരിച്ചും സന്തോഷിച്ചും കയ്യടിച്ചും ആ കഥയ്ക്കൊപ്പം നമ്മളും മുന്നോട്ട് പോകുമെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. നല്ല സിനിമകള്‍ അദ്ഭുതമാണ്, മമ്മൂട്ടിയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അസുഖം പൂര്‍ണമായും ഭേദമായി അടുത്തയിടെയാണ് താരം മടങ്ങിയെത്തിയത്. കളങ്കാവലാണ് പുറത്തിറങ്ങാനുള്ള മമ്മൂട്ടിച്ചിത്രം.