താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി താരങ്ങള്‍. ശ്വേതക്കൊപ്പം എല്ലാ പ്രവര്‍ത്തനത്തിനും കൂടെയുണ്ടാകുമെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ദേവന്‍ പ്രതികരിച്ചത്. ശ്വേത അമ്മയുടെ അമ്മയാണെങ്കില്‍ താന്‍ അമ്മയുടെ അച്ഛനായിരിക്കുമെന്നും സംഘടനയുമായി വൈകാരിക ബന്ധമുണ്ടെന്നും ദേവന്‍ പറഞ്ഞു.
പൊരുതിയാണ് ശ്വേത ജയിച്ചതെന്നും ഒരു സ്ത്രീക്കായി ഒരു പുരുഷന്‍ മാറി തന്നിട്ട് അവിടെ ഇരിക്കുന്നതിലും നല്ലതല്ലേ മല്‍സരം എന്നും ദേവന്‍ ചോദിച്ചു. ദേവന്‍റെ മനോഭാവം അഭിനന്ദാനാര്‍ഹമാണെന്ന് നടന്‍ ജഗദീഷും പറഞ്ഞു. ആരോഗ്യപരമായ മല്‍സരമാണ് നടന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലാദ്യമായാണ് താരസംഘടനയുടെ തലപ്പത്ത് ഒരു വനിത എത്തുന്നത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോൻ വിജയിച്ചത്. ഇതോടെ, അമ്മയുടെ താക്കോൽ സ്ഥാനങ്ങൾ ആദ്യമായി വനിതകൾക്ക് ലഭിച്ചു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ 17 അംഗങ്ങളിൽ എട്ടുപേരും വനിതകളാണ്. 248 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.