സ്ഥലം റജിസ്ട്രേഷനെന്ന് പറഞ്ഞ് ഒരാഴ്ചത്തെ അവധിയില്‍ കടം വാങ്ങിയ 20 ലക്ഷം രൂപ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തിരികെ നല്‍കുന്നില്ലെന്ന് നടന്‍ ഹരീഷ് കണാരന്‍. നാലു വര്‍ഷമായിട്ടും പണം ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണെന്നും എആര്‍എം അടക്കം തനിക്ക് വന്ന സിനിമകള്‍ മുടക്കിയെന്നും ഹരീഷ് മനോരമന്യൂസിനോട് പറഞ്ഞു. ഒരാഴ്ചത്തെ അവധി പറഞ്ഞ് വാങ്ങിയ പണമാണ് ബാദുഷ ഇത്രയും കാലമായിട്ടും നല്‍കാത്തതെന്നും പണം കൈമാറിയതിന്‍റെ ബാങ്കുരേഖകളടക്കം തന്‍റെ പക്കലുണ്ടെന്നും താരം വെളിപ്പെടുത്തി. താര സംഘടനയായ അമ്മയില്‍ രേഖാമൂലം പരാതി നല്‍കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എആര്‍എമ്മിലേക്ക് ആദ്യം ഡേറ്റ് തന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും പറഞ്ഞില്ല. പക്ഷേ സിനിമയുടെ പ്രവര്‍ത്തകരോട് തനിക്ക് ഡേറ്റില്ലെന്നും വിളിച്ച് എടുക്കുന്നില്ലെന്നുമെല്ലാം പറഞ്ഞുവെന്നും ഇതെല്ലാം അടുത്തയിടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നും ഹരീഷ് വെളിപ്പെടുത്തുന്നു. അവാര്‍ഡ് ഷോയ്ക്കായി എത്തിയപ്പോള്‍ നടന്‍ ടൊവിനോ തോമസാണ് എആര്‍എമ്മില്‍ താന്‍ സഹകരിക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചതെന്നും അപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഹരീഷ് പറയുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എആര്‍എം സംവിധായകനും തന്നെ വിളിച്ച് സമാനമായ വിവരം പങ്കുവച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഹരീഷിന്‍റെ വാക്കുകളിങ്ങനെ: 'കോവിഡിന് തൊട്ടുമുന്‍പ് ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന പടമാണ് ലാസ്റ്റ് ചെയ്തത്. അതിന് ശേഷം കൊറോണ സ്റ്റാര്‍ട്ട് ചെയ്തു. പിന്നെ പടത്തിന്‍റെ മൊത്തത്തിലുള്ള പരിപാടികള്‍ മാറിയല്ലോ. അതിന്‍റെ ശേഷം ഒന്നും വന്നിട്ടില്ല. ഒരു സിനിമയെന്ന് പറയുമ്പോള്‍ ഒരു റൗണ്ടാണല്ലോ. ആ ഒരു റൗണ്ട് ഓടിത്തീര്‍ന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു ബ്രേക്ക് ഉണ്ടാകും. അത് തന്നെ ആയിരിക്കും എന്ന് വിചാരിച്ചു. പക്ഷേ നമ്മള്‍ ആ തിരക്കുള്ള സമയത്ത്.. ഒരു ദിവസം ഓടി നടന്ന് മൂന്ന് പടം വരെ ഞാന്‍ ചെയ്തിട്ടുണ്ട്. ആ സമയത്ത് ഹരീഷ് ജോയിന്‍ ചെയ്യാമെന്ന് പറഞ്ഞിട്ട് ജോയിന്‍ ചെയ്തില്ലെന്ന് ചില പരാതികളൊക്കെ ഉയര്‍ന്നു. അപ്പോള്‍ ബാബുച്ചേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു 'ഹരീഷേ ആദ്യം നിര്‍ബന്ധമായിട്ട് അമ്മയുടെ മെംബര്‍ഷിപ്പ് എടുക്കുക എന്ന്. അങ്ങനെ ഞാന്‍ മെംബര്‍ഷിപ്പെടുത്തു.
ആ സമയത്ത് മൊത്തം പടങ്ങള്‍ ബാദുഷയാണ് കൈകാര്യം ചെയ്യുന്നത്. ബാദുഷ കണ്‍ട്രോളര്‍ അല്ലാത്ത ഒരു പടവുമില്ല. അപ്പോ ബാദുഷ എന്നോട് വന്നിട്ട്, ഡേറ്റ് ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞു. സ്വാഭാവികമായി എനിക്ക് എളുപ്പമായി കാര്യങ്ങള്‍. ഭയങ്കര സൗഹൃദത്തിലായി. പുള്ളി ഡേറ്റ് നോക്കുന്നു, കുടുംബമായി നമ്മുടെ വീട്ടില്‍ വരുന്നു, നമ്മള്‍ തിരിച്ചും പോകുന്നു.. അങ്ങനെ ഭയങ്കര അറ്റാച്ച്മെന്‍റായി നില്‍ക്കുന്ന സമയത്ത് കൊറോണയൊക്കെ കഴിഞ്ഞ് ഞാന്‍ ഈ വീട് രണ്ടാമത് പുതുക്കിപ്പണിയുന്ന സമയത്ത് ഞാന്‍ ബാദുക്കയോട് പറഞ്ഞു..'ബാദുക്ക ആ പൈസ ഉണ്ടെങ്കില്‍ ഒന്ന് തിരിച്ച് തരണം' എന്ന്. കാരണം ഞാന്‍ കള്ളന്‍ ഡിസൂസ ചെയ്യുന്ന സമയത്താണ് ബാദുക്ക ഒബ്റോണ്‍ മാളിന്‍റെ ബാക്കില്‍ ഒരു സ്ഥലം മേടിച്ചിട്ടുണ്ടായി. ആ സ്ഥലത്തിന്‍റെ റജിസ്ട്രേഷനാണ് പണം വാങ്ങിയത്. അതിന്‍റെ തലേ ദിവസമാണ് എന്നോട് ചോദിക്കുന്നത് 'ഹരീഷേ നാളെ റജിസ്ട്രേഷനാണ്..അത്യാവശ്യമായി, ഒരിരുപത് ലക്ഷം രൂപ വേണം. ഒരാഴ്ച കഴിഞ്ഞ് തിരിച്ച് തരും എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞ്.. അത് ബാദുക്ക..എന്ന് പറഞ്ഞപ്പോള്‍ 'ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ തിരിച്ച് തരു'മെന്ന് പറഞ്ഞു. ആ സമയത്ത് നമ്മള്‍ ഒന്നിച്ചാണ് വര്‍ക്ക് ചെയ്തിരുന്നത്. ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച് ഞാന്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തു. അത് കഴിഞ്ഞ് ഒരാഴ്ചയും രണ്ടാഴ്ചയും കഴിഞ്ഞു. പിന്നെ കൊറോണയായി, ലോക്ഡൗണ്‍ ആയി.
പിന്നെ കൊറോണ സമയത്ത് ബാദുക്ക ഫുഡ്, ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ നടത്തി. നല്ലകാര്യം. അതിനായി എന്നോട് പണം ചോദിച്ചപ്പോള്‍ എത്രയാ ബാദുക്കാ വേണ്ടത് എന്ന് ചോദിച്ച് 50,000 രൂപ അയച്ച് കൊടുത്തു. പിന്നെ കുറച്ച് കുട്ടികള്‍ക്കായി 50,000 രൂപ കൊടുത്തു. അക്കൗണ്ട് വഴി അല്ലാത്ത ഒരു ഡീലിങ്സും എനിക്കുണ്ടായിട്ടില്ല. കറക്ടായിട്ട് ഞാന്‍ ജിഎസ്ടിയും മറ്റ് ടാക്സുമെല്ലാം അടയ്ക്കുന്നതാണ്. ആ സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പെട്ടെന്ന് മരിച്ചിരുന്നു. അവരെ സഹായിക്കുന്നതിനായും 50,000 രൂപ നല്‍കി. ഇയാള് ആരുടെയൊക്കെയോ പൈസയ്ക്ക് ചാരിറ്റി ചെയ്ത് ഡോക്ടറേറ്റ് ഒക്കെ വാങ്ങി. അതെന്തുമായിക്കോട്ടെ. സ്വഭാവം മാറിയത് കൊണ്ടാണ് എന്‍റെ പണമില്ലാത്തത് എന്ന് ഞാന്‍ വിചാരിച്ചു.
ആ സമയത്ത് ഞാന്‍ 'മേ ഹൂം മൂസ' കഴിഞ്ഞ് 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയും ചെയ്ത് കഴിഞ്ഞ് ഇതിന്‍റെ 41–ാം ദിവസം ബാദുക്ക എന്നെ വിളിച്ച് എആര്‍എമ്മിന്‍റെ ഡേറ്റ് തന്നു. അപ്പോ ഞാന്‍, ബാദുക്കാ.. എനിക്ക് പൈസ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു. തരാം തരാടാ മോനേ, വെടിക്കെട്ട് റിലീസാവട്ടെ എന്ന് പറഞ്ഞു. വെടിക്കെട്ട് റിലീസായപ്പോളും പൈസയില്ല. ഞാനപ്പോള്‍ ബാബുച്ചേട്ടനെ വിളിച്ച് പറഞ്ഞു. അപ്പോള്‍ ഹരീഷേ, ഈ ബാദുഷയുടെ പേരില്‍ ഇങ്ങനെ കുറേ പരാതി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഹരീഷ് എങ്ങനെയെങ്കിലും സംസാരിച്ച് അത് വാങ്ങിച്ചെടുക്കാന്‍ നോക്ക് എന്ന് പറഞ്ഞു. അല്ലാതെ നമ്മള് വെറുതേ ഉടക്ക് ഉണ്ടാക്കേണ്ടതില്ല എന്ന് പറഞ്ഞു. ആ സമയത്ത് ബാദുഷ രണ്ട് ലക്ഷം രൂപയെങ്കിലും തന്നിരുന്നെങ്കില്‍ നമ്മള്‍ അതുകൊണ്ടെങ്കിലും സമാധാനപ്പെട്ടേനെ. പിന്നെ ഈ എആര്‍എമ്മിന്‍റെ ഒരു വിവരവുമില്ല.
ഞാന്‍ ഏഷ്യാനെറ്റ് അവാര്‍ഡിന്‍റെ സമയത്ത് ടൊവീനോയെ കണ്ടപ്പോഴാണ് വിവരമറിഞ്ഞത്..' ചേട്ടന്‍ എന്ത് പണിയാ കാണിച്ചത്? നമ്മുടെ പടത്തില്‍ വന്നില്ലല്ലോ എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഞെട്ടിയത്. അപ്പോള്‍ ഞാന്‍ ഡേറ്റ് എന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കാരക്ടര്‍ മാറിപ്പോയിട്ടുണ്ടാകുമെന്ന് കരുതിയെന്നും പറഞ്ഞു. അപ്പോള്‍ ടൊവീനോ 'അല്ല ചേട്ടന് ഡേറ്റില്ലെന്ന് പറഞ്ഞു' എന്ന് പറഞ്ഞു. ഞാനിത് പറയാന്‍ ഉദ്ദേശിച്ചതൊന്നുമല്ല..രണ്ടുമൂന്നാഴ്ച മുന്നേ മനോരമയില്‍ ഒരിന്‍റര്‍വ്യൂ വന്നിരുന്നു. അതില്‍ ആ പയ്യന്‍ എന്നോട്, ചേട്ടാ നമ്മള് ചേട്ടന്‍റെ വലിയ ഫാനാണ്. ചേട്ടനെ കണ്ടിട്ട് കുറേയായല്ലോ. എന്താ കാണാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചു. ഇത് റിപ്പോര്‍ട്ട് ചെയ്യട്ടേ എന്ന് ആ പയ്യന്‍ ചോദിച്ചപ്പോള്‍ െചയ്തോളൂവെന്നും പറഞ്ഞു. കാരണം നമ്മള് ഇത്രയും കാലമായി നാലുകൊല്ലമായി ഇത് അനുഭവിക്കുന്നു. ഓരോ ദിവസവും നമ്മള്‍ അധ്വാനിച്ച പൈസയാണ്.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ എആര്‍എം സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു.. ഹരീഷ് ഭായ്, നമ്മള് കുറേ ചോദിച്ചതാണ്. ഹരീഷ് യാതൊരു റെസ്പോണ്‍സും തരുന്നില്ലെന്നാണ് മറുപടി കിട്ടിയത്. ഫോണെടുക്കുന്നില്ല എന്നാണ് പറഞ്ഞത്. അതെനിക്ക് ഭയങ്കര വിഷമമായി. അയാള്‍ നമുക്ക് തരാനുള്ള പണി തരുന്നില്ല. അതിനിടയില്‍ കൂടി വേറെ പണി തരികയെന്ന് പറഞ്ഞാലെന്താ. അത്രയും ചിരിച്ച് കളിച്ച് ഒപ്പം നടന്നയാളാണ്. ഈ ബാദുഷയെന്നെ സിനിമയില്‍ കൊണ്ടുവന്നതല്ലല്ലോ.. നമ്മള് കുറേ കാലങ്ങളായി നടന്ന് മിമിക്രി കളിച്ച് , മനോരമയില്‍ വന്ന്, ഒരു കാരക്ടര്‍ ചെയ്ത്. അതിന് ശേഷം സിനിമയില്‍ ഒരു റോള് ചെയ്ത് തിരക്കായി..പിന്നീടാണ് ഇങ്ങനെ ആയത്. ആ സമയത്ത് ഡേറ്റ് നോക്കിക്കോളാമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നയാളാണ് ബാദുഷ. ഞാന്‍ അയാള്‍ക്ക് ഹെല്‍പ്പാണ് ചെയ്തത്. നമുക്കൊരാവശ്യം വരുമ്പോ അത് തിരിച്ച് തരുന്നതല്ലേ മര്യാദ.
അമ്മയില്‍ നിന്ന് വിളിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കാമെന്നാണ് കരുതുന്നത്. നമ്മളെ മാതിരിയാണ് എല്ലാവരുമെന്നാണല്ലോ നമ്മള്‍ കരുതുന്നത്. കൂടെ നിന്നിട്ട് കാലുവാരുമെന്ന് ഒരിക്കലും വിചാരിക്കില്ലല്ലോ'.