നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച വിചാരണക്കോടതി വിധി പറയാനിരിക്കേ ചലച്ചിത്രപ്രവര്‍ത്തകരുടെ ആദ്യ പ്രതികരണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയാണ് അതിക്രമം അരങ്ങേറിയത്. പിറ്റേന്ന് വൈകിട്ട് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം ഒത്തുചേര്‍ന്നു. അളവറ്റ സങ്കടവും രോഷവും പരന്നൊഴുകിയ രാത്രിയായിരുന്നു അത്. ആക്രമിക്കപ്പെട്ട നടി, സംവിധായകനും നടനുമായ ലാലിന്‍റെ വീട്ടിലേക്കാണ് അഭയം തേടി ഓടിയെത്തിയത്. ആ നിമിഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ ലാല്‍ വിങ്ങിക്കരഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
‘അവള് ഓടിക്കിതച്ചുവന്ന് എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട്, ലാൽ ചേട്ടാ എന്ന് കരഞ്ഞ ആ ശബ്ദത്തിന്, അത് ഈ ലോകത്തുള്ള എല്ലാ സ്ത്രീകളും ഒരുമിച്ച് കരഞ്ഞാൽ അത്ര ശബ്ദം ഉണ്ടാവില്ല. ആ ശബ്ദം കേൾക്കാനായിട്ട്... നമ്മുടെ അമ്മയ്ക്കോ മകൾക്കോ വരുന്ന ഒരവസ്ഥ വരെ കാത്തിരിക്കേണ്ടിവരരുത്.’ – ലാല്‍ പറഞ്ഞു. ആക്രമണം ഉണ്ടായ ദിവസം പൊലീസും നടിയുടെ കുടുംബവും ഭാവി വരനുമെല്ലാം നല്‍കിയ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണെന്നും ലാല്‍ അനുസ്മരിച്ചു.
സംവിധായകന്‍ രഞ്ജിത്താണ് പ്രതിഷേധയോഗം നിയന്ത്രിച്ചത്. മമ്മൂട്ടിയും മഞ്ജു വാരിയരും ദിലീപും ദേവനും സിബി മലയിലും കമലും കെ.പി.എ.സി. ലളിതയും രഞ്ജി പണിക്കരും ഉള്‍പ്പെടെ സംസാരിച്ചു. സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പ്രതിഷേധയോഗത്തില്‍ സംവിധായകന്‍ ലാല്‍ പറഞ്ഞതിന്‍റെ പൂര്‍ണരൂപം: ‘ഈ സങ്കടകരമായ സംഭവം ഉണ്ടായ ഉടനെ ആദ്യം അവള്‍ എന്‍റെ വീട്ടിലേക്ക് പോയി കയറി വന്നപ്പോള്‍, തലച്ചോറ് മരവിച്ച് പോയ, എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത... അവസ്ഥയിൽ ഇങ്ങനെ ഒരു സംഭവം ഫേസ് ചെയ്യേണ്ടി വരുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്.
ദൈവം തോന്നിച്ചതുപോലെ എനിക്ക് അപ്പോൾ ഓർമ്മ വന്നത്... കഴിഞ്ഞ സിദ്ദീഖിന്റെ ‘ഫുക്രി’ എന്ന സെറ്റിൽ വച്ച് ഡിജിപി ലോക്നാഥ് ബെഹ്റ സാറിനെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നമ്പര്‍ എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. ആ രാത്രി 11 മണിക്ക് ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ ഭാഗ്യത്തിന് അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു.
നന്ദി ഒരു അളവിനപ്പുറം പറയേണ്ടിയിരിക്കുന്നു. കാരണം വിത്തിന്‍ നോ ടൈം, വീട്ടില്‍, എല്ലാ ഓഫീസേഴ്സും എറണാകുളത്തെയും പോരാത്തതിന് തിരുവനന്തപുരത്തു നിന്ന് വരെയുള്ള ഓഫീസേഴ്സും അടുത്തടുത്തടുത്ത നിമിഷങ്ങളിൽ എത്തി. വളരെ ശക്തമായ രീതിയിലുള്ള അന്വേഷണം ഇനിഷ്യേറ്റ് ചെയ്തത് എനിക്ക് അത്ഭുതകരമായി തോന്നി. കാരണം, നേരം വെളുത്തിട്ടും അവരാരും പോയില്ല. എല്ലാവരും വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. കുറേപ്പേര്‍ അന്വേഷണത്തിനായി പുറത്തേക്ക് പോയി. ബാക്കി എല്ലാവരും തെളിവെടുപ്പുകളും കാര്യങ്ങളുമായി നിന്നു. അതിന് ആദ്യം നമ്മുടെ പൊലീസ് സേനയ്ക്ക് നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ബെഹ്റ സാർ എന്നെ വിളിച്ചു. ലാല്‍, എന്താണ് അവിടത്തെ അവസ്ഥ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, കാര്യങ്ങളൊക്കെ ഭംഗിയായിട്ട് നടക്കുന്നു, എല്ലാം കാര്യങ്ങളും നടക്കുന്നുണ്ട് എന്ന് പറഞ്ഞു. അതിനിടയ്ക്ക് പിടി തോമസ് സാറും (എംഎല്‍എ) രാജീവ് സാറും (പി.രാജീവ്) വന്നിട്ടുണ്ടായിരുന്നു. ആന്റോ വളരെ ശക്തമായിട്ട് എന്റെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് പേര് സപ്പോർട്ട് ആയിട്ടുണ്ടായിരുന്നു. മമ്മൂക്ക അന്ന് രാത്രി എന്നെ വിളിച്ചിരുന്നു.
ബെഹ്റ സാർ എന്നെ വിളിച്ചിട്ട് ചോദിച്ചു – ‘എന്താണ് കുട്ടിയുടെ അവസ്ഥ?’ ഞാൻ പറഞ്ഞു, അവൾ വിരണ്ട്, രക്തം പോലും മുഖത്തില്ലാത്ത ഒരു അവസ്ഥയിലാണ്. ‘അല്ല, നിങ്ങള്‍ അവളെ പറഞ്ഞ് പറഞ്ഞ് ബൂസ്റ്റ് ചെയ്യുക, അവളുടെ മാനസികാവസ്ഥ നിലനിർത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം.’ ഞാനും എന്റെ ഭാര്യ നാന്‍സിയും ആന്‍റോയും എന്റെ മക്കളും എല്ലാവരും ചേർന്ന് പറഞ്ഞുപറഞ്ഞ്, അവള്‍ അത് നേരിടാനുള്ള ഒരു അവസ്ഥയിലേക്ക് കുറേശ്ശെ കുറേശ്ശെ ആയി വന്നുതുടങ്ങി. അതിനിടയ്ക്ക് അവളുടെ അമ്മയും സഹോദരനും എത്തി. നേരം വെളുക്കുമ്പോഴേക്കും അവളെ വിവാഹം ചെയ്യാൻ പോകുന്ന ചെറുപ്പക്കാരനും അവിടെ എത്തി. അവരെല്ലാവരും വളരെ സ്ട്രോങ്ങ് ആയിട്ട് അവളുടെ അടുത്ത് (സംസാരിച്ചു). അവരെയൊക്കെ അഭിനന്ദിക്കേണ്ടത് എത്ര അളവിലാണെന്ന് എനിക്കറിഞ്ഞുകൂടാ. എല്ലാവരും ആ വിധത്തിൽ പറഞ്ഞുപറഞ്ഞുപറഞ്ഞ് അവൾ എന്തിനെയും നേരിടാനുള്ള ഒരു അവസ്ഥയിലേക്ക് എത്തി.
അപ്പോൾ ബെഹ്റ സാർ എന്നോട് പറഞ്ഞു, ‘ഇതിന് സമാനമായിട്ടുള്ള മൂന്ന് കേസുകൾ അടുത്ത കാലത്ത് നിങ്ങളുടെ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടുതന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതെല്ലാം ആരും അറിയാതെ പോകുന്നു. പണം കൊടുത്ത് ഒതുക്കിയതോ അപമാനം പേടിച്ചിട്ട് അറിയേണ്ട എന്ന് കരുതി ഒതുക്കിയതോ ഒക്കെ ആയിട്ട്. ലാലേ ഇതും അങ്ങനെ തീർന്നു പോകരുത്. അതിന് അവൾ മാത്രമാണ് നിൽക്കേണ്ടത്. അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കണം. അതാണ് നിങ്ങൾ ചെയ്യേണ്ടത്. അല്ലാതെ മറ്റു കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും അവളെ തന്നെ ശക്തി കൊടുക്കണം.’
അത് ഞാന്‍ പറഞ്ഞു. അവളെ വിവാഹം ചെയ്യാൻ പോകുന്ന ചെറുപ്പക്കാരൻ അടക്കം അതിനു വേണ്ടി ശക്തമായിട്ട് നിന്നപ്പോൾ അവൾ പറഞ്ഞു, ‘എന്തും ഫെയ്സ് ചെയ്യാന്‍ ഞാൻ റെഡിയാണ്. ഇനി കോടതിയിൽ എന്ത് വൃത്തികെട്ട ചോദ്യങ്ങളും വരട്ടെ. അപ്പോഴും ഞാൻ ഫെയ്സ് ചെയ്യാന്‍ റെഡിയാണ്.’ അത് ഞാൻ അദ്ദേഹത്തെ (ഡിജിപിയെ) അറിയിച്ചു.
ഈ അവസ്ഥയിൽ പോയിരുന്ന അവൾ കഴിഞ്ഞ ദിവസം ചില ചാനലുകളിൽ വന്ന ഒന്നുരണ്ട് പ്രയോഗങ്ങളിൽ വല്ലാതെ തകർന്നിട്ടുണ്ട്. ഞാൻ കാര്യങ്ങള്‍ നേരിട്ടുകാണുന്ന ആളാണ്. അവൾക്ക് ഫെയ്സ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ട്. രമ്യാ നമ്പീശന് അറിയാം. അവൾ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ ഓരോ ദിവസവും. ഇന്നിപ്പോൾ അവൾക്ക് ഇതിൽ നിന്ന് പിന്മാറിയാൽ കൊള്ളാം എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
അവളെ സ്ട്രോങ് ആയി നിർത്താനുള്ള കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്. എല്ലാവരും മമ്മുക്കയെ ഇന്ന് കാലത്ത് പോയി കണ്ടിരുന്നു. സുരേഷ് ഗോപിയെ അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. അതൊക്കെ വളരെ നല്ല കാര്യം തന്നെ. ഒപ്പം തന്നെ അവളെ എങ്ങനെ ശക്തി കൂട്ടി ഇതിൽ നിൽക്കുന്നതിന് സഹായിക്കാൻ പറ്റും എന്നുള്ള കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാൻ പറ്റും അതെല്ലാം ചെയ്യണം.
അന്ന് അവള് ഓടിക്കിതച്ചുവന്ന് എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട്, ‘ലാൽ ചേട്ടാ...’ എന്ന് കരഞ്ഞ ആ ശബ്ദത്തിന്... ഈ ലോകത്തുള്ള എല്ലാ സ്ത്രീകളും ഒരുമിച്ച് കരഞ്ഞാൽ അത്ര ശബ്ദം ഉണ്ടാവില്ല. ആ ശബ്ദം കേൾക്കാനായിട്ട്... നമ്മുടെ അമ്മയ്ക്കോ മകൾക്കോ വരുന്ന ഒരവസ്ഥ വരെ കാത്തിരിക്കേണ്ടിവരരുത്.
താങ്ക് യൂ...’