ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ ബി. രാജേഷ് പ്രസിഡന്‍റ്ായും ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സാന്ദ്ര തോമസിന് തോല്‍വി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കായിരുന്നു സാന്ദ്ര മല്‍സരിച്ചത്. സാന്ദ്ര തോമസ് തുടക്കമിട്ട ആരോപണങ്ങൾക്കു മറുപടിയുമായി ലിസ്റ്റിൻ സ്റ്റീഫനടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ ആരോപണ, പ്രത്യാരോപണ, വെല്ലുവിളികൾ കൊണ്ടു തിരഞ്ഞെടുപ്പു കളം വാര്‍ത്തകളില്‍ ഫുള്‍സ്കോപ്പായി നിറഞ്ഞു നിന്നിരുന്നു.
സാന്ദ്രയുടേതു ‘ഷോ’ ആണെന്നും പറയുന്നതു മുഴുവൻ നുണയാണെന്നും നേരത്തെ ലിസ്റ്റിൻ ആരോപിച്ചിരുന്നു. സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതു സംഘടനയുടെ ബൈലോ പ്രകാരമാണ്. അക്കാര്യം വരണാധികാരി വ്യക്തമായി വിശദീകരിച്ചു കൊടുത്തു. എന്നിട്ടും സാന്ദ്ര കാണിച്ചതു ഷോ ആണ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കിൽ 3 സെൻസർ സർട്ടിഫിക്കറ്റ് പ്രൊഡക്‌ഷൻ കമ്പനിയുടെ പേരിൽ വേണം. അതാണു ബൈലോയിൽ പറയുന്നത്. സാന്ദ്ര തോമസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റല്ല വേണ്ടത്. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻ ഹൗസിന്റെ പേരിലുള്ള സർട്ടിഫിക്കറ്റാണു വേണ്ടത് – കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ പറഞ്ഞു
അതേസമയം, താൻ പറഞ്ഞതെല്ലാം നുണയാണെന്നു തെളിയിച്ചാൽ ചലച്ചിത്ര രംഗം വിടാമെന്നാണു സാന്ദ്ര തിരിച്ചടിച്ചത്. മറിച്ചാണെങ്കിൽ അതിനു തയാറാകുമോയെന്ന് അവർ ലിസ്റ്റിനെ വെല്ലുവിളിച്ചു.