പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര്. അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് തന്റെ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി സാന്ദ്രയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
സാന്ദ്ര തോമസിന്റെ ആരോപണങ്ങൾ:
തന്റെ പത്രിക തള്ളിയത് തെറ്റാണെന്നും അർഹതയില്ലാത്തവർക്കെതിരെ മത്സരിക്കാൻ തനിക്ക് നിയമപരമായി സാധിക്കുമെന്നും സാന്ദ്ര തോമസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 2016 വരെ ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ സെൻസർ ക്രെഡിറ്റ് തന്റെ പേരിലായിരുന്നെന്നും അതുകൊണ്ട് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് അർഹതയുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. 'ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷിക്കണം' എന്ന മുന്നറിയിപ്പും സാന്ദ്ര പങ്കുവെച്ചു.
വിജയ് ബാബുവിന്റെ പ്രതികരണം:
സാന്ദ്ര തോമസിനെതിരെ വിജയ് ബാബു ആണ് ആദ്യം രംഗത്തെതിയത്. സാന്ദ്രയ്ക്ക് അർഹതയില്ലാത്ത സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്ന് വിജയ് ബാബു വ്യക്തമാക്കി. ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് സാന്ദ്ര രാജിവച്ചതാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള മാനദണ്ഡമായ സെൻസർ സർട്ടിഫിക്കറ്റ് വ്യക്തിക്കല്ല, സ്ഥാപനത്തിനാണെന്നും വിജയ് ബാബു പറഞ്ഞു. സാന്ദ്രയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ പത്രിക തള്ളിയതിനെതിരായ സാന്ദ്രയുടെ ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് വിജയ് ബാബുവിന്റെ ഈ പ്രതികരണം.