TOPICS COVERED

ഇന്ത്യൻ സിനിമാ രംഗത്ത് താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി രാധിക ആപ്‌തെ ഗർഭിണിയായിരുന്നപ്പോൾ ഒരു നിർമ്മാതാവ് തന്നെ നിർബന്ധിച്ച് ശരീരത്തോട് ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെന്നും, വേദനയുണ്ടായിട്ടും ഡോക്ടറെ കാണാൻ അനുവദിച്ചില്ലെന്നും രാധിക പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഷൂട്ടിങിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായകനെയും നിര്‍മാതാവിനെയും വിവരമറിയിച്ചു. ഗര്‍ഭിണിയാണെന്നറിഞ്ഞത് നിര്‍മാതാവിന് ഒട്ടും ഇഷ്ടമായില്ല. ശരീരത്തോട് ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചു. ആരോഗ്യപരവും ശാരീരികവുമായ കാരണങ്ങളാല്‍ അത് കഴിയില്ലെന്ന് അറിയിച്ചിട്ടും വല്ലാതെ നിര്‍ബന്ധിച്ചു- രാധിക വെളിപ്പെടുത്തി.

ഷൂട്ടിങ്ങിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടിട്ടും ഡോക്ടറെ കാണാൻ പോലും അനുവദിച്ചില്ലെന്നും, ഷൂട്ടിങ് തുടരാൻ വാശി പിടിച്ചെന്നും രാധിക പറയുന്നു. ഇതുകൂടാതെ, ചില സീനുകളിൽ ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വയറ് മറയ്ക്കാൻ വലിയ ഷാൾ ഉപയോഗിക്കാനും നിര‍്മാതാവ് ആവശ്യപ്പെട്ടെന്നും രാധിക കൂട്ടിച്ചേര്‍ത്തു. ഇതിന് താന്‍ വിസമ്മതിച്ചുവെന്നും അവര്‍ വ്യക്തമാക്കി.  ഗർഭിണിയായിരുന്നപ്പോള്‍ ആദ്യത്തെ മൂന്നു മാസം ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും ലഭിച്ച പിന്തുണയിലെ വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രാധിക.

സിനിമാ രംഗത്തെ സ്ത്രീകൾക്ക് പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ടെന്ന് രാധിക ചൂണ്ടിക്കാണിച്ചു. ഇത് ആദ്യമായല്ല സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ച് രാധിക ആപ്‌തെ സംസാരിക്കുന്നത്. ഇതിന് മുമ്പും തന്റെ തൊഴിലിടത്തെ മോശം അനുഭവങ്ങളെക്കുറിച്ച് അവർ തുറന്നുപറഞ്ഞിട്ടുണ്ട്. നേഹ ദുപിയയുടെ ‘ഫ്രീഡം ടു ഫ്രീഡം’ ക്യാംപെയിനിലായിരുന്നു  താരത്തിന്‍റെ  വെളിപ്പെടുത്തല്‍.

ENGLISH SUMMARY:

Radhika Apte recounts harrowing experiences in the Indian film industry, detailing instances of harassment and discrimination during her pregnancy. She reveals a producer pressured her to wear tight clothing despite her condition and denied her medical attention during severe pain, highlighting the challenges women face in the industry.