നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിനെ വിമര്‍ശിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാന്ദ്ര പറയുന്നത് നുണയാണ്. ഇപ്പോള്‍ കാണിക്കുന്നത് വെറും ഷോ മാത്രം. ആദ്യം പര്‍ദയിട്ട് വന്നു, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിന്‍ പരിഹസിച്ചു.
നിർമാതാക്കളായ സാന്ദ്ര തോമസും ലിസ്റ്റിൻ സ്റ്റീഫനും തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. സാന്ദ്ര അസുഖം ബാധിച്ച് കിടന്നപ്പോൾ സുഖ വിവരങ്ങൾ അന്വേഷിച്ച മമ്മൂട്ടിയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഴുവൻ പ്രൊഡ്യൂസേഴ്സിനോടും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള സാന്ദ്രയുടെ ഒരു പഴയ വിഡിയോയും ലിസ്റ്റിൻ പങ്കുവച്ചുവച്ചിരുന്നു.
നടൻ മമ്മൂട്ടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര വിഡിയോയിൽ പറയുന്നു. സാന്ദ്രയുടെ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടക്കുന്നതിനിടെയാണ് ലിസ്റ്റിൻ വിഡിയോ പങ്കുവയ്ക്കുന്നത്. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന അടിക്കുറിപ്പോടെയാണ് ലിസ്റ്റിൻ വിഡിയോ പങ്കുവച്ചത്.
അതിനിടെ, സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്.