• ശ്വേത മേനോന് എതിരായ കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
  • നടപടിക്രമങ്ങള്‍ CJM പാലിച്ചില്ലെന്നും ഹൈക്കോടതി
  • കേസെടുക്കാന്‍ നിര്‍ദേശിച്ചതിന് CJMനോട് റിപ്പോര്‍ട്ട് തേടി

അശ്ലീല സിനിമകളിലൂടെ ധനം സമ്പാദിച്ചുവെന്ന നടി ശ്വേതാ മേനോനെതിരായ കേസിലെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചല്ല കേസെടുക്കാനുള്ള സിജെഎം കോടതിയുടെ ഉത്തരവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ശ്വേതയുടെ ഹർജിയിൽ എറണാകുളം സിജെഎം കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. അതിനിടെ ശ്വേതയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

ശ്വേതാ മേനോന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി, ശ്വേതക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് റിപ്പോർട്ട് തേടി. നടപടിക്രമങ്ങള്‍ പാലിച്ചല്ല സിജെഎമ്മിന്റെ നടപടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്വേതാ മേനോന്റെ ഹർജിയിൽ പൊലീസിനോടും പരാതിക്കാരനോടും ജസ്റ്റിസ് വി.ജി.അരുൺ വിശദീകരണം തേടി. അതേസമയം, സിജെഎം കോടതി നടപടിയെ കുറിച്ച് പരാമർശങ്ങൾക്ക് മുതിരുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അമ്മ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിനാലാണ് തനിക്കെതിരെ പരാതി നൽകിയതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ശ്വേത മേനോന്റെ വാദം. അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകാൻ സാധ്യതയുണ്ടായിരുന്ന തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരാതി. കേസ് നിയമനടപടികളുടെ ദുരുപയോഗമാണ്. പരാതിക്കാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്. താൻ അഭിനയിച്ച സിനിമകളെല്ലാം സെൻസർ ബോർഡിൻ്റെ അംഗീകാരം നേടിയതാണെന്നും ശ്വേത പറയുന്നു. അതിനിടെ ശ്വേതയെ പിന്തുണച്ച് രാഷ്ട്രീയ, സിനിമ മേഖലയിൽ നിന്നുള്ളവർ രംഗത്തെത്തി

ENGLISH SUMMARY:

The High Court has stayed further proceedings in the case against actress Shwetha Menon, who was accused of making money through obscene films. The interim order observed that the order issued by the CJM Court to register the case was not in accordance with legal procedures. Acting on Shwetha’s petition, the High Court has sought a report from the Ernakulam CJM Court. Meanwhile, many have come forward in support of Shwetha.